കരയിലൂടെയും കടലിലൂടെയും ഉപരോധം; വിഴിഞ്ഞം തുറമുഖത്ത് ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍


വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു. സമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് കരമാര്‍ഗവും കടല്‍മാര്‍ഗവും സമക്കാര്‍ തുറമുഖ പദ്ധതി പ്രദേശം വളഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ പ്രദേശത്തെ മുകളില്‍ കൊടി നാട്ടി.


സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ബാരിക്കേഡുകള്‍ മറികടന്ന് പദ്ധതി പ്രദേത്ത് പ്രവേശിച്ചത്. പൂന്തുറയില്‍ നൂറുകണക്കിന് വാഹനങ്ങളിലായി പ്രതിഷേധക്കാര്‍ തുറമുഖത്തിന്റെ കവാടത്തിലേക്കും എത്തി. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് ഇന്ന് കടല്‍ വഴി തുറമുഖം വളയുന്നത്.

online news portal

ചെറിയതുറ, സെന്റ് സെവ്യേഴ്‌സ്, ചെറുവെട്ടുകാട് ഇടവകയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കരമാര്‍ഗമെത്തി തുറമുഖം ഉപരോധിക്കും. സമരത്തിന് പിന്തുണ അറിയിച്ച് മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ കൂടി വിഴിഞ്ഞത്തേക്ക് എത്തിയിട്ടുണ്ട്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് തീരശോഷണം പഠിക്കണമെന്നാണ് പ്രധാന ആവശ്യം.

കഴിഞ്ഞ ദിവസം മന്ത്രിതല ചര്‍ച്ചയില്‍ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നതിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം. പാര്‍പ്പിട നഷ്ടത്തിന് നഷ്ടപരിഹാരത്തിലുള്‍പ്പെടെ രേഖാമൂലം ഉറപ്പു ലഭിക്കുന്നത് വരെ സമരം തുടരുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്. അതേസമയം പുനരധിവാസത്തിന് സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്യും.



Sharing is Caring