കനത്ത സുരക്ഷയ്ക്കിടയിൽ ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കണ്ണൂർ അഞ്ചരക്കണ്ടിയിൽ വച്ചായിരുന്നു പ്രതിഷേധം.ഇന്നലെ കാസർഗോട്ടെ പരിപാടികൾ പൂർത്തിയാക്കി മുഖ്യമന്ത്രി രാത്രിയോടെയാണ് കണ്ണൂർ പിണറായിയിലെ വീട്ടിലേക്കെത്തിയത്. ഇന്ന് മട്ടന്നൂർ വിമാനത്താവളം വഴി തിരികെ മടങ്ങി.
വീട്ടിൽ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ വഴിയരകിൽ നിന്നിരുന്ന യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ റോഡിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കണ്ണൂരിൽ പ്രവേശിക്കും. സംസ്ഥാന സർക്കാരിനുള്ള രക്ഷാകവചമായി ജാഥ മാറുമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. പിണറായി വിജയനല്ല, സംസ്ഥാന സർക്കാരിന് വേണ്ടയാണ് രക്ഷാകവചം.അതുകൊണ്ടുതന്നെ ഈ ജാഥ, ബിജെപിക്കും കോൺഗ്രസിനും അസ്വസ്ഥതകളുണ്ടാക്കുന്നുവെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.













