ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അടിയന്തരമായി മാറ്റേണ്ട സാഹചര്യമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷനെ മാറ്റേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ടെന്നും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സംഘടനാ ഘടകങ്ങളിൽ ഉന്നയിക്കണമെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.
വിഷയത്തിൽ പരസ്യപ്രസ്താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേയ്ക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവർത്തനം ശക്തമാക്കാനും സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.നേരത്തെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്നും പ്രമുഖ നേതാക്കൾ വിട്ടുനിന്നിരുന്നു.
എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃയോഗത്തില്‍നിന്നും വിട്ടുനിന്നത് പ്രതിഷേധ സൂചകമായിട്ടാണെന്ന് വാർത്തകളുണ്ടായിരുന്നു. കോര്‍കമ്മിറ്റി വിളിക്കാത്തത്ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ശോഭാ സുരേന്ദ്രന്‍ നേതൃ യോഗത്തില്‍ പങ്കെടുത്തിരുന്നു.പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട വലിയ പരാജയത്തെതുടര്‍ന്ന് കോര്‍ കമ്മിറ്റി ചേരണം എന്നായിരുന്നു കെ സുരേന്ദ്രൻ വിരുദ്ധ പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇത് പരിഗണിക്കാതെ സംഘടന പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുമെന്ന നിലപാടാണ് പ്രതിഷേധത്തില്‍ കലാശിച്ചത്. കൃത്യമായി ആലോചിച്ച് ജാഗ്രതയോടെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് വിളിച്ച് പറഞ്ഞത് പോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ ഭംഗിയായി ശോഭ സുരേന്ദ്രന്‍ ചെയ്തുവെന്ന് അദ്ദേഹം തന്നെ പിന്നീട് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാകുമെന്നും ശോഭ വ്യക്തമാക്കിയിരുന്നു.