ചോദ്യക്കോഴ വിഷയത്തില്‍ ആരോപണ വിധേയായ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയെ ലോകസഭയില്‍ നിന്നും പുറത്താക്കാനുള്ള ആദ്യ നീക്കം ഉപേക്ഷിച്ച് ബിജെപി. മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള ശിപാര്‍ശ ചെയ്യുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നലെ തന്ത്രപൂര്‍വം ബിജെപി മേശപ്പുറത്ത് വയ്ക്കാതിരിക്കുകയാണ് ഉണ്ടായത്.
ഇന്നലെ ഈ വിഷയം ചര്‍ച്ചക്കെടുത്താല്‍ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന്റെ മാറ്റുകുറയുമെന്ന നീക്കം മുന്‍കൂട്ടി കണ്ടാണ് ഇത്തരം ഒരു നീക്കം നടത്തിയത്.
എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയര്‍മാന്‍ വിനോദ്കുമാര്‍ സോങ്കര്‍ ലോക്‌സഭയില്‍ വെക്കുന്നത് തിങ്കളാഴ്ചത്തെ കാര്യപരിപാടിയില്‍ അഞ്ചാമത്തെ ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇക്കാര്യം ഒഴിവാക്കി നാലില്‍ നിന്ന് ആറാമത്തെ നടപടിയിലേക്ക് കടക്കുകയാണ് സ്പീക്കറുടെ ചെയറില്‍ ഉണ്ടായിരുന്ന കിരിത് സോളങ്കി ചെയ്തത്.

ഈ നടപടിയില്‍ അത്ഭുതപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ, ആര്‍.എസ്.പിയിലെ എന്‍കെ. പ്രേമചന്ദ്രന്‍, കോണ്‍ഗ്രസിലെ കോടിക്കുന്നില്‍ സുരേഷ് എന്നിവര്‍ എഴുന്നേറ്റു. എന്നാല്‍, ഇക്കാര്യത്തില്‍ സ്പീക്കര്‍ ചെയറില്‍ നിന്ന് വിശദീകരണമൊന്നും ഉണ്ടായില്ല.എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടും സഭയില്‍ വെക്കാതിരുന്നതിന്റെ കാരണം കമ്മിറ്റിക്കു മാത്രമേ അറിയൂ എന്ന് കോണ്‍ഗ്രസിന്റെ സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.













