ഏഷ്യന്‍ അക്കാദമി അവാര്‍ഡ്സില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി മലയാള സിനിമയ്ക്കു തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്.ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നല്‍ മുരളിയിലൂടെയാണ് താരത്തിന് അംഗീകാരം തേടിയെത്തിയത്.
ഇപ്പോള്‍ ബേസിലിന്റെ അവാര്‍ഡ് ആഘോഷമാക്കിയിരിക്കുകയാണ് ടൊവിനോ. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ചിട്ടുണ്ട്. താന്‍ ഏറെ അഭിമാനത്തോടെ നോക്കിക്കാണുന്ന വളര്‍ച്ചയാണ് ബേസിലിന്റേത് എന്നാണ് ടോവിനോ കുറിച്ചത്.

ടൊവിനോയുടെ കുറിപ്പ്
‘ഒരു സുഹൃത്തെന്ന നിലയിലും അവന്റെ സംവിധാനത്തില്‍ അഭിനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാന്‍ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കിക്കാണുന്ന വളര്‍ച്ചയാണ് ബേസില്‍ ജോസഫിന്റേത്. ഒരുപക്ഷേ ഈ അവാര്‍ഡ് വാങ്ങിക്കഴിഞ്ഞ് അവന്‍ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണില്‍ വിളിച്ചതും എന്നെയായിരിക്കും. മിന്നല്‍ മുരളിക്ക് വേണ്ടി ബേസില്‍ ഈ അംഗീകാരം ഏറ്റുവാങ്ങുമ്ബോള്‍ ഞങ്ങള്‍ ഒരുമിച്ച് ഒരേ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും. ഇനിയും കീഴടക്കാന്‍ ഉയരങ്ങളേറെയാണ്. വളരുക വളരുക മാനം മുട്ടെ വളരുക ! ബേസിലിനെക്കുറിച്ച് ഇങ്ങനെയൊരു സീരിയസ് പോസ്റ്റ് എന്റെ ടൈംലൈനില്‍ കാണുന്നതില്‍ നാടകീയത തോന്നുന്നു. എന്നാലും കിടക്കട്ടെ.’













