2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ത്തിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുതീയതികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മിസോറാം ചത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ്തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.എല്ലാ തിരഞ്ഞെടുപ്പുകളും ഈ വര്‍ഷം നവംബര്‍ മാസത്തില്‍ തന്നെ നടക്കും. മിസോറാമില്‍ 7 നും, മധ്യപ്രദേശില്‍ 17 നും രാജസ്ഥാനില്‍ 23 നും തലെങ്കാനയില്‍ 30നും ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ചത്തീസ്ഗഡില്‍ നവംബര്‍ 7 നും , 17നും രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.
വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന് നടക്കും.അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള 678 നിയസഭാ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.16.41 കോടി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. രാജ്യത്തെ മൊത്തം വോട്ടര്‍മാരുടെ എണ്ണത്തിന്റെ ആറിലൊന്ന് വരുമിത്. 1.77 ലക്ഷം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മധ്യപ്രദേശില്‍ 230, രാജസ്ഥാനില്‍ 199, മിസോറാമില്‍ 40, ചത്തീസ്ഗഡില്‍ 90, തെലങ്കാനയില്‍ 119 എന്നിങ്ങനെയാണ് അസംബ്‌ളി സീറ്റുകള്‍.














