ആഷിയാന- ജീവിക്കാനൊരു ‘മുയല്‍’ വഴി

കെ കെ ജയേഷ്
ജീവിക്കാനായി ഒരു തൊഴില്‍ അന്വേഷിച്ച അലയുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. മുമ്പിലുള്ള അവസരങ്ങളൊന്നും തിരിച്ചറിയാതെ അവര്‍ ജോലിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. വിധിയെ പഴിച്ച്, നിരാശരായി നടക്കുന്ന ഇവര്‍ ഒരിക്കലെങ്കിലും ആഷിയാന റാബിറ്റ് ഫാമില്‍ ചെല്ലണം. ഒരു മുയല്‍ക്കുഞ്ഞ് പുതു ജീവിതം തുറന്നു തരുന്ന വിസ്മയകരമായ കാഴ്ച നിങ്ങള്‍ക്കവിടെ കാണാം.
നിങ്ങള്‍ ദരിദ്രനായി ജനിക്കുന്നത് നിങ്ങളുടെ കുറ്റമല്ല, എന്നാല്‍ ദരിദ്രനായി മരിക്കുന്നത് നിങ്ങളുടെ മാത്രം കുറ്റമാണ്.. ആഷിയാന റാബിറ്റ് ഫാമില്‍ മുയല്‍ കൃഷിയെക്കുറിച്ചുള്ള സംശയങ്ങളുമായി കയറിയെത്തുന്നവര്‍ ആദ്യം കാണുന്നത് ഏറെ പ്രശസ്തമായ ഈ വാചകങ്ങളാണ്. മുയല്‍ വാഴുമിടം പണം വാരുമിടമെന്ന് ആഷിയാനാ റാബിറ്റ് ഫാം എം ഡി ഡോ: എം മിഗ്ദാദും ഭാര്യയും കേരള സര്‍ക്കിള്‍ മാനേജറുമായ ജാന്‍സി മിഗ്ദാദും പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം മുയലിലൂടെ ജീവിതം വളര്‍ത്തുകയും നിരവധി പേര്‍ക്ക് ഉയര്‍ന്ന ജീവിതത്തിലേക്ക് വഴി കാട്ടുകയും ചെയ്തുകൊടുത്തവരാണ് ഇവര്‍. മുയലിനെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനുള്ള പുത്തന്‍ മാതൃകയായി മാറ്റിയവര്‍ കൂടിയാണ് ഇവര്‍. പലപ്പോഴും നമ്മുടെയെല്ലാം വീട്ടില്‍ കൗതുകത്തിനായി മുയലിനെ വളര്‍ത്തിയിട്ടുണ്ടാവും. എന്നാല്‍ ജീവിത നിലവാരം ഉയര്‍ത്താനും നമ്മുടെ കുടുംബത്തിന്റെ ബജറ്റിനെ താങ്ങി നിര്‍ത്താനും അതുവഴി ആദായമായ ഒരു കൃഷിയായി മുയല്‍ വളര്‍ത്തല്‍ മാറുന്നതുമായ വിസ്മയ കാഴ്ചയാണ് ആഷിയാന പകര്‍ന്നു നല്‍കുന്നത്.
ഇതൊക്കെ കേട്ട് നാളെത്തന്നെ കാശുകാരനാവാം എന്നു കരുതി ആരും തിരൂരിലെ ആഷിയാന ഫാമിലേക്ക് ചെല്ലേണ്ടതില്ല. തൊഴില്‍ എന്തായാലും പണം വാരാന്‍ കുറുക്കു വഴികളില്ല. അര്‍പ്പണ ബോധവും തൊഴിലിനോടുള്ള അടങ്ങാത്ത സ്‌നേഹവും ഉണ്ടെങ്കില്‍ മാത്രമെ മറ്റേത് തൊഴില്‍ മേഖലയിലേതുപോലെ ഇവിടെയും വിജയം കൈവരിക്കാന്‍ സാധിക്കുകയുള്ളു. മുയലിനെ വാങ്ങാനായി ആഷിയാനയിലെത്തുന്ന പുതിയ സംരംഭകര്‍ക്ക് ആദ്യം കിട്ടുക ഒരു സിഡിയും പുസ്തകവുമാണ്. നിങ്ങള്‍ സംശയിച്ചു നില്‍ക്കുമ്പോള്‍ ‘പോയി കാര്യങ്ങളൊക്കെ പഠിച്ചിട്ട് വാ’ എന്ന സ്‌നേഹത്തോടെയുള്ള ഉപദേശവുമായി മിഗ്ദാദും ജാന്‍സിയും നിങ്ങളെ യാത്രയാക്കും. പഠനം കഴിഞ്ഞ് ഇതാണ് തന്റെ വഴിയെന്ന് ഉറപ്പിച്ച് വീണ്ടും തിരൂരിലെത്തിയാല്‍ പതിനഞ്ച് ചോദ്യങ്ങലുള്ള ഒരു പരീക്ഷയാവും നിങ്ങളെ കാത്തിരിക്കുന്നത്. നിരവധി പരീക്ഷകള്‍ കഴിഞ്ഞാണ് വന്നത്. ഇനിയും എന്തിന് പരീക്ഷ എന്ന ആശങ്കയും ഉണ്ടാവേണ്ടതില്ല. മറ്റെല്ലാ തൊഴില്‍ വഴികളിലേതുപോലെ മുയല്‍ കൃഷിയിലും പ്രതിസന്ധികളുണ്ട്. പണം വാരാമെന്ന് കരുതി എടുത്ത് ചാടി നിങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തരുതെന്ന് ആഷിയാനയുടെ ഉടമസ്ഥര്‍ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ ഈ തൊഴില്‍ മേഖലയ്ക്ക് എത്രമാത്രം അനുയോജ്യനാണ് എന്ന് തിരിച്ചറിയാനാണ് ഈ പരീക്ഷ നടത്തുന്നത്. പരീക്ഷയില്‍ ജയിച്ചാല്‍ നിങ്ങള്‍ക്ക് എത്ര മുയല്‍ യൂണിറ്റ് വേണമെങ്കിലും കൊണ്ടുപോകാം. തോറ്റാല്‍ നിങ്ങള്‍ക്ക് തിരൂരില്‍ നിന്ന് മടങ്ങാം. മുന്നിലെത്തുന്ന നവ സംരംഭകരുടെ പോക്കറ്റിലെ കാശ് ചോര്‍ത്തിയെടുക്കുക എന്ന തന്ത്രത്തേക്കാള്‍ അവന്റെ പോക്കറ്റില്‍ കൂടുതല്‍ പണം എത്തിക്കണമെന്ന നിശ്ചയദാര്‍ഢ്യം ഉള്ളതുകൊണ്ടാണ് ഇത്തരം പരീക്ഷകള്‍ ആഷിയാന നടത്തുന്നത്. കാശ് മാത്രമല്ല അവരുടെ ലക്ഷ്യമെന്ന് ചുരുക്കം.
മുയലിന്റെ മനശാസ്ത്രം നന്നായി പഠിക്കുന്നവര്‍ക്ക് മാത്രമെ ആദായകരമായി മുയല്‍ക്കൃഷി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളു. ഒരു മൃഗത്തെ വളര്‍ത്തുമ്പോള്‍ മുക്കാല്‍ ഭാഗം ആ മൃഗമായി നമ്മള്‍ മാറണമെന്ന് ചുരുക്കം. അതിന്റെ സ്വഭാവ സവിശേഷതകള്‍ നമ്മള്‍ തിരിച്ചറിയണം. ഒരു മുയല്‍ കൂട്ടില്‍ നിവര്‍ന്ന് കിടന്നാല്‍ അത് ഗര്‍ഭിണിയാണെന്നും വളഞ്ഞു കൂടിയിരുന്നാല്‍ അതിന് രോഗമാണെന്നും മനസ്സിലാക്കണമെങ്കില്‍ ആ മുയലിന്റെ ജീവിത ശൈലിയിലേക്ക് നമ്മള്‍ അത്രമാത്രം ലയിച്ചു ചേരണമെന്ന് ഡോ: മിഗ്ദാദും ജാന്‍സിയും പറയുന്നു.
ഇങ്ങനെ ലയിച്ചു ചേര്‍ന്നതുകൊണ്ട് മാത്രമാണ് പ്രവാസിയായ മിഗ്ദാദിനും ജാന്‍സിയ്ക്കും മുയല്‍ വളര്‍ത്തലില്‍ സമാനതകളില്ലാത്ത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത്. പകരം വെയ്ക്കാനില്ലാത്ത ഒരു മാതൃകയുമായും അത് വളര്‍ന്നു. കാല്‍ നൂറ്റാണ്ടിലേറെ നീണ്ട പ്രവാസകാലത്തിന് ശേഷം കുവൈറ്റ് യുദ്ധം സൃഷ്ടിച്ച ഭീതിക്കിടയിലാണ് മിഗ്ദാദ് നാട്ടിലേക്ക് തിരിച്ചുവന്നത്. തിരിച്ചെത്തുന്ന ഏതൊരു പ്രവാസിയെയും പോലെ പിടിച്ചു നില്‍ക്കാന്‍ പല ജോലികളും ചെയ്തുനോക്കി. എന്നാല്‍ നിരാശയായിരുന്നു ഫലം. വീണ്ടും നാലു കൊല്ലം മണലാരണ്യത്തില്‍. 2005 ല്‍ തിരിച്ചു നാട്ടിലെത്തുമ്പോള്‍ ഇനിയുള്ള കാലം ഇവിടെ എന്തെങ്കിലും ബിസിനസ്സ് ചെയ്ത് ജീവിതം തുടരണമെന്ന ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു സ്വകാര്യ മൊബൈല്‍ കമ്പനി അവരുടെ പ്രചരണാര്‍ത്ഥം നടത്തിയ ഒരു ക്വിസ് പ്രോഗ്രമാണ് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അന്‍പത് ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കിയപ്പോള്‍ കിട്ടിയത് അമ്പതിനായിരം രൂപ. ഈ പണവും കൂട്ടിച്ചേര്‍ത്ത് എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. നാട്ടുകാര്‍ക്കും കൂടി ഗുണപ്രദമായ ഒരു സംരംഭത്തിന് മാത്രമെ ഇറങ്ങുവെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. അപ്പോഴാണ് മൃഗസംരക്ഷണ മേഖലയിലേക്ക് ഇറങ്ങിയാലോ എന്ന് ജാന്‍സി ചോദിച്ചത്. എന്ത് മൃഗമെന്ന ചോദ്യത്തിന് മുയല്‍ എന്ന ഓമനത്തമുള്ള ഉത്തരവും അവര്‍ നല്‍കി. ഈ മുയലുകളാണ് പിന്നീട് ഇവരുടെ ജീവിതത്തിന് പുതു വസന്തം പകര്‍ന്നത്. ആ വസന്തം നിരവധി ആളുകളുടെ ജീവിതത്തില്‍ പൂക്കാലം തീര്‍ക്കുകയും ചെയ്തു.
വീടിന് പിന്നില്‍ ഷെഡ് നിര്‍മ്മിച്ചു. അന്‍പത് മുയലുകളെ വാങ്ങി കൃഷിയ്ക്ക് പെട്ടന്ന് തന്നെ തുടക്കമിട്ടു. തമാശയ്ക്ക് വേണ്ടി നാടന്‍ മുയലുകളെ വളര്‍ത്തുന്ന മലയാളികള്‍ക്ക് മുന്നില്‍ മാംസത്തിന് വേണ്ടി ബ്രോയിലര്‍ മുയലുകളെ ആഷിയാന ആദ്യമായി പരിചയപ്പെടുത്തി. സ്ത്രീകള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന തൊഴിലെന്ന ലളിത സമവാക്യമാണ് മുയല്‍ കൃഷിയുടെ നട്ടെല്ല്. പിന്നീട് തൊഴിലില്‍ പിടിച്ചു നില്‍ക്കാന്‍ ബദ്ധപ്പാടായിരുന്നു. ഇറച്ചിയ്ക്ക് വിപണി കണ്ടെത്താനായിരുന്നു വലിയ വെല്ലുവിളി. ഹോട്ടലുകളിലും റിസോര്‍ട്ടിലും ബാറിലുമെല്ലാം നിരവധി തവണ കയറിയിറങ്ങി. കൊളസ്‌ട്രോള്‍ രഹിതമായ മുയലിറച്ചിയുടെ മേന്മ പറഞ്ഞ് മനസ്സിലാക്കിയതോടെ പിന്നാലെ ഓര്‍ഡറുകളുമെത്തി. കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് വന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്റിന് പരിഹാരം ആകുമെന്ന ചിന്തയാണ് മിഗ്ദാദിനെ മുയല്‍ കൃഷിയുടെ പ്രചാരകനാക്കിയത്. കുടുംബശ്രീയെയും അയല്‍ക്കൂട്ടങ്ങളെയുമെല്ലാം ഈ സംരംഭത്തിലേക്ക് കണ്ണിചേര്‍ക്കാമെന്ന ആശയം ജാന്‍സിയുടേതായിരുന്നു. പ്രവാസി മലയാളികളുടെ ഭാര്യമാരെ കൂടി ഉള്‍പ്പെടുത്തുന്ന തരത്തില്‍ ജാന്‍സി പദ്ധതികള്‍ വിപുലപ്പെടുത്തിയപ്പോള്‍ അത് കാര്‍ഷിക രംഗത്ത് പുതിയൊരു വിപ്ലവത്തിന്റെ തുടക്കം കൂടിയായി മാറുകയായിരുന്നു.
കൃഷി രീതി
എത്ര മുയലുണ്ടെങ്കിലും വില്‍പ്പനയ്ക്ക് നിങ്ങള്‍ പ്രയാസപ്പെടേണ്ടതില്ല. ഇറച്ചി വിലയ്ക്ക് എത്ര മുയലിനെയും തിരികെയെടുക്കാമെന്ന ഉറപ്പ് നല്‍കിയാണ് ആഷിയാനയില്‍ നിന്ന് മുയലുകളെ കൊടുത്തുവിടുന്നത്. മലപ്പുറം ജില്ലയിലാണെങ്കില്‍ രണ്ട് കിലോഗ്രാമിന് മുകളില്‍ തൂക്കമുള്ള ഒരു മുയല്‍ എന്ന ക്രമത്തില്‍ നൂറു മുയലുകളെയും മറ്റ് ജില്ലകളിലാണെങ്കില്‍ 250 മുയലുകളും ഉണ്ടെങ്കില്‍ ആഷിയാനക്കാര്‍ വന്ന് മുയലുകളെ കൊണ്ടുപോകും. ന്യൂസിലാന്റ് വൈറ്റ്, സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, വൈറ്റ് ജയന്റ്, സങ്കരയിനം എന്നീ മുയലുകളെയാണ് ആഷിയാന വിതരണം ചെയ്യുന്നത്. ഹരിയാനയിലെ വിത്തു മുയല്‍ പരിചരണ കേന്ദ്രത്തില്‍ നിന്നാണ് മുയലുകളെ കൊണ്ടുവരുന്നത്. ആറു മാസം ബ്രീഡിംഗ് യൂണിറ്റുകളില്‍ വളര്‍ത്തിയ ശേഷമാണ് വിത്തു മുയലിനെ കൈമാറുന്നത്. വി ഐ പി പരിചരണമാണ് മുയലുകള്‍ക്ക് ആഷിയാനയില്‍. ആരോഗ്യത്തിനുള്ള സമ്പൂര്‍ണ്ണ പോഷകം ഉറപ്പ് വരുത്തിയാണ് വിത്തു മുയലിനെ വളര്‍ത്തുന്നത്. പൂര്‍ണ്ണ വളര്‍ച്ചയില്‍ ഏതാണ് അഞ്ച് കിലോയോളം തൂക്കം വരുന്നതാണ് ഇറച്ചി മുയല്‍ ഇനങ്ങള്‍. നാലു മാസം പ്രായമാകുമ്പോള്‍ ശരാശരി രണ്ടരക്കിലോ തൂക്കം വരും. അതായത് ഒരു യൂണിറ്റ് കൃഷി തുടങ്ങുന്നതിന് നാല് മാസത്തിന് ശേഷം വില്‍പ്പന തുടങ്ങാം.അഞ്ചു മുതല്‍ പത്ത് വര്‍ഷം വരെയാണ് മുയലിന്റെ ജീവിതചക്രം. ആറുമാസം പ്രായമാകുമ്പോള്‍ പെണ്‍മുയല്‍ പ്രത്യുത്പാദനത്തിന് തയ്യാറാകും. ആണ്‍ മുയലാവട്ടെ എട്ട് മാസം പ്രായമായാല്‍ പ്രത്യുത്പാദനത്തിന് പ്രാപ്തനാണ്.ഒരു വര്‍ഷത്തില്‍ ശരാശരി ഒന്‍പത് തവണ വരെ പെണ്‍ മുയല്‍ പ്രസവിക്കും. ഒരു പ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങളെ വരെ ലഭിക്കുകയും ചെയ്യും. പ്രസവം കഴിഞ്ഞ് പത്താം ദിവസം അടുത്ത ഇണചേര്‍ക്കലിന് പെണ്‍മുയല്‍ തയ്യാറാകും. ഇണ ചേര്‍ത്ത് 32 ദിവസത്തിനുള്ളില്‍ അടുത്ത പ്രസവം നടക്കുകയും ചെയ്യും. 25 ദിവസം പ്രായമാകുമ്പോള്‍ മുയല്‍ കുഞ്ഞുങ്ങളെ തള്ളയില്‍നിന്ന് പിരിച്ച് കോളനിക്കൂടുകളിലേക്ക് മാറ്റണം. ഭക്ഷണക്രമത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. രണ്ടു നേരം പുല്ലും വിഷമില്ലാത്ത പച്ചിലകളും ഒരു നേരം റാബിറ്റ് ഫീഡും നല്‍കണം. ഒരു യൂണിറ്റില്‍ നിന്ന് പ്രതിമാസം അയ്യായിരം രൂപ വരെ ആദായം ലഭിക്കുമെന്നതാണ് ഏറ്റവും ആകര്‍ഷണീയമായ ഘടകം. വീട്ടമ്മമാര്‍ക്ക് സ്വയം പര്യാപ്തത നേടാന്‍ ഇതിലും വലിയ മറ്റൊരു അവസരമുണ്ടോയെന്നും ആഷിയാനയുടെ സാരഥികള്‍ ചോദിക്കുന്നു. നബാര്‍ഡിന്റെ ലോണും പ്രധാനമന്ത്രിയുടെ മുദ്ര യോജന ലോണും ഉള്‍പ്പെടെ കര്‍ഷകരെ സഹായിക്കാന്‍ മാര്‍ഗങ്ങള്‍ ഏറെയുണ്ട്.
ഷെഡ് നിര്‍മ്മാണവും തീറ്റയും
എട്ടു പെണ്‍മുയലുകളും രണ്ട് ആണ്‍മുയലുകളുമടങ്ങുന്ന യൂണിറ്റുകളായാണ് വില്‍പ്പന. പത്ത് അറകളോടു കൂടിയ വെല്‍ഡഡ് കൂടുകളും മുയലുകളുമടക്കം യൂണിറ്റ് ഒന്നിന് 17,000 രൂപ ചെലവ് വരും. ആംഗുലാര്‍പട്ട കൊണ്ട് നിര്‍മ്മിച്ച ആറു കാലുകളില്‍ തറ നിരപ്പില്‍ നിന്നും രണ്ടടി ഉയരത്തിലാണ് കൂട് ഉറപ്പിക്കുന്നത്. ഷെഡ് നിര്‍മ്മാണം ലളിതമാണ്. മുളയും തെങ്ങും കവുങ്ങുമെല്ലാം ഉപയോഗിച്ച് ഷെഡ് കെട്ടാം. മേല്‍ക്കൂര ഓലയില്‍. ഷെഡിന്റെ അടിഭാഗം സിമന്റ് ഇടണമെന്നില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ യഥാസമയം നീക്കി കൂടും പരിസരവും വൃത്തിയാക്കണമെന്ന് മാത്രം. കുടിവെള്ളം സുലഭമായി കൊടുത്താല്‍ രൂക്ഷഗന്ധവും ഒഴിവാക്കിക്കിട്ടും. കൂടാതെ ഈയം ലായനി തളിച്ചാല്‍ ഒട്ടും രൂക്ഷഗന്ധം അനുഭവപ്പെടില്ല. ജന്തുക്കളുടെയും മറ്റും ഉപദ്രവം ഒഴിവാക്കാനായി ഷെഡിന് ചുറ്റും വലയിടേണ്ടതുണ്ട്. ഒരു യൂണിറ്റ് മുയല്‍ വളര്‍ത്താന്‍ 35 അടി നീളവും 12 അടി വീതിയുമുളള ഷെഡ് വേണം. ശുദ്ധിയുള്ളതും നല്ല വായു സഞ്ചാരമുള്ളതും ഈര്‍പ്പമില്ലാത്തതും ചൂടുകുറവുള്ളതുമാകണം ഷെഡ്. രാവിലെ ഒന്‍പതിന് മുമ്പ് മുയലുകളുടെ തീറ്റപ്പാത്രങ്ങള്‍ കഴുകുകയും ഷെഡ് നന്നായി വൃത്തിയാക്കുകയും വേണം. ക്ലീനിങ്ങിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മുയലിന്റെ ദേഹത്ത് പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണം.
 
ഭക്ഷ്യ സുരക്ഷ.. സ്ഥിര വരുമാനം.. പുതിയ ആകാശം
ജീവിതത്തിന്റെ തെളിഞ്ഞ പുതിയ ആകാശത്തിലേക്കാണ് മുയല്‍ക്കുഞ്ഞുങ്ങള്‍ നിങ്ങളെ നയിക്കുന്നത്. 2005 ല്‍ ആരംഭിച്ച് മൂന്നു വര്‍ഷം പിന്നിട്ടപ്പോഴേക്കും രാജ്യത്തെ പ്രമുഖ മുയല്‍ വളര്‍ത്തല്‍ കേന്ദ്രമായി ആഷിയാന മാറിയിരുന്നു. കുടുംബശ്രീകളും അയല്‍ക്കൂട്ടങ്ങളും വികലാംഗ ഗ്രൂപ്പുകളും റസിഡന്റ്‌സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകള്‍ പോലുള്ള കൂട്ടായ്മകളുമെല്ലാം ആഷിയാന പകര്‍ന്ന വരുമാനവഴിയിലൂടെ പുതിയ ആകാശങ്ങളിലേക്ക് ചിറകടിച്ചു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ആഷിയാനയില്‍ നിന്ന് മുയലുകളെ വാങ്ങി ഉപജീവനം തേടുന്ന 52,000 ത്തോളം കുടുംബങ്ങളുണ്ട്. സാങ്കേതിക പരിജ്ഞാനം ഉറപ്പാക്കി കൃഷിക്കാരെ സ്വയംപര്യാപ്തരാക്കുന്ന ആഷിയാന എന്ന സ്ഥാപനത്തെ തേടി നിരവധി പുരസ്‌ക്കാരങ്ങളാണ് ഇതിനകം എത്തിയത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജീവനം അവാര്‍ഡ്, മികച്ച വനിതാ സംരംഭകര്‍ക്കുള്ള അവാര്‍ഡ്, നെഹ്‌റു ഗാന്ധി, ശ്രീചിത്തിര, രത്‌ന, ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍, മെക്കയുടെ റാബിറ്റ് രത്‌ന അവാര്‍ഡ്, 2011 ലെ നാഷല്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ സമ്മിറ്റിലെ ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡ്. 2008-09 ലെ മികച്ച മുയല്‍ കര്‍ഷകനുള്ള പുരസ്‌ക്കാരം, 2009-10 ലെ ആത്മ അവാര്‍ഡ്, ശ്രീ ശക്തി അവാര്‍ഡ് തുടങ്ങിയവ അതില്‍ ചിലത് മാത്രം. യൂണൈറ്റഡ് കിംഗ്ഡമിലെ IFMA അംഗീകാരം ലഭിച്ചിട്ടുള്ള ആഷിയാനയിലെ പ്രവര്‍ത്തനം കണ്ടറിഞ്ഞ അമേരിക്കന്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അവിടെ ഒരു ബ്രാഞ്ച് തുടങ്ങുന്നതിനായി L1-A വിസ കാറ്റഗറിയില്‍ കമ്പനിയുടെ ഉന്നതര്‍ക്കും കുടുംബത്തിനും പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് വേണ്ടന്ന് വെച്ച് നാട്ടില്‍ തന്നെ തുടരുകയാണ് ഇവര്‍. ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിങ്ങനെ ഉത്തരേന്ത്രയില്‍ പതിനാല് ബ്രാഞ്ചുകളാണ് ആഷിയാനക്കുള്ളത്. മുയല്‍ കൃഷിയില്‍ സാങ്കേതിക പരിജ്ഞാനം നല്‍കുക, മൃഗ ഡോക്ടറുടെ സേവനം ഉറപ്പിക്കുക, സ്ഥിരമായ വില നല്‍കുക, എല്ലാറ്റിനും പുറമെ ആഷിയാനയുടെ ബൈ ബാക്ക് പോളിസിയും.. ഇതെല്ലാം ചേരുമ്പോള്‍ ഏതൊരു കര്‍ഷകനും മുയല്‍ കൃഷിയില്‍ സുരക്ഷിതനാകുന്നു. എന്താ മുയലിലൂടെ ജീവിതം കരുപ്പിടിക്കണമെന്ന് നിങ്ങള്‍ക്കും തോന്നുന്നുണ്ടോ…?
കശാപ്പ് നിരോധനത്തെ ഭയക്കേണ്ട: വളര്‍ത്തുമുയലിനെ ഇറച്ചിയാക്കാം
മൃഗസംരക്ഷണ മേഖലയില്‍ ഒട്ടേറെ നിയന്ത്രണങ്ങള്‍ വരുന്ന കാലമാണിത്. മുയലിനെ കശാപ്പ് ചെയ്യാം പറ്റുമോ എന്ന ആശങ്കയും പലര്‍ക്കുമുണ്ടാകും. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ല. മുയലിറച്ചി നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി ഭേദഗതി വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇറച്ചിക്കായി വളര്‍ത്തുന്ന മുയലുകളെ കൊല്ലാന്‍ തടസ്സമില്ല.
2014 ലാണ് അതോറിറ്റി പല മൃഗങ്ങളുടെയും കശാപ്പ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്. ആട്, പന്നി, കാള, പോത്ത് വര്‍ഗങ്ങളില്‍ പെട്ടവയല്ലാത്ത ഒരു മൃഗത്തെയും ഇറച്ചിക്കായി കൊല്ലാന്‍ പാടില്ലെന്നായിരുന്നു ഈ ഉത്തരവ്. വിവിധ ജീവികളുടെ വംശനാശ ഭീഷണിയായിരുന്നു ഉത്തരവിന്റെ അടിസ്ഥാനം. കേരളത്തില്‍ ഇത് ഏറ്റവുമധികം ബാധിച്ചത് മുയല്‍ കര്‍ഷകരെയായിരുന്നു. മുയലിനെ കൊല്ലാന്‍ പാടില്ലെന്ന് ഉത്തരവില്‍ നേരിട്ട് പറയുന്നില്ലെങ്കിലും മറ്റു മൃഗങ്ങളിലും മുയലും പെടുമെന്നതായിരുന്നു കാരണം. ഇതോടെ നബാര്‍ഡില്‍ നിന്നും മറ്റും സഹായം സ്വീകരിച്ച് സ്വയം തൊഴിലായി മുയല്‍കൃഷി നടത്തിവന്ന ആയിരക്കണക്കിന് കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലായി. പലരും യൂണിറ്റുകള്‍ അടച്ചുപൂട്ടുക വരെ ചെയ്തു.
ഈ സാഹചര്യത്തിലാണ് തിരൂരിലെ ആഷിയാന മുയല്‍ഫാമിന്റെ ഉടമ ഡോ: മിഗ്ദാദ് പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ സി ഇ ഒയ്ക്കും കത്തയച്ചത്. ഇന്ത്യയില്‍ കശാപ്പിനായി ഉപയോഗിക്കുന്നത് ഇറച്ചിക്കുവേണ്ടി ഇറക്കുമതി ചെയ്ത് വിദേശയിനം മുയലുകളെ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ വനങ്ങളില്‍ കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ മുയലുകളല്ല ഇറച്ചി മുയലുകളൈന്നും അദ്ദേഹം സ്ഥാപിച്ചു. മുയല്‍ കര്‍ഷകരുടെ അപേക്ഷ പ്രകാരം കേരള സര്‍ക്കാറും ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിരുന്നു. അതോടെയാണ് ഇക്കാര്യത്തില്‍ അനുകൂലമായ ഒരു തീരുമാനമുണ്ടായത്.
നിങ്ങള്‍ക്കും മുയല്‍ വളര്‍ത്തല്‍ ഒരു ജീവിതോപാധിയായി സ്വീകരിക്കാം. ഇന്ത്യയിലെ മുയല്‍ കൃഷിയുടെ പിതാവായ ഡോ: മിഗ്ദാദ് കൂടെയുള്ളപ്പോള്‍ ഇനി എന്തിന് മടിച്ച് നില്‍ക്കണം.

Spread the love