ലോകകപ്പ് യോഗ്യതാമത്സരത്തിൽ ജയം തുടർന്ന് അർജൻ്റീന. ഇന്ന് പെറുവിനെ നേരിട്ട അർജൻ്റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ക്യാപ്റ്റൻ ലയണൽ മെസിയാണ് രണ്ട് ഗോളുകളും നേടിയത്. ലോകകപ്പിനു ശേഷം ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്ന റെക്കോർഡും അർജൻ്റീന കാത്തുസൂക്ഷിച്ചു. അർജന്റീനയുടെ തുടർച്ചയായ എട്ടാമത്തെ ക്ലീൻ ഷീറ്റ് ആണ് ഇത്.
32ആം മിനിട്ടിലാണ് അർജൻ്റീന ആദ്യ ഗോൾ നേടിയത്. നിക്കോ ഗോൺസാലസ് ആണ് മെസിയ്ക്ക് ഗോളവസരമൊരുക്കിയത്. 42ആം മിനിട്ടിൽ എൻസോ ഫെർണാണ്ടസിൻ്റെ അസിസ്റ്റിൽ നിന്ന് മെസി അർജൻ്റീനയുടെ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിൽ മെസി ഒരുതവണ കൂടി വല ചലിപ്പിച്ചെങ്കിലും വാറിൽ ആ ഗോൾ നിഷേധിക്കപ്പെട്ടു.നാലിൽ നാല് മത്സരങ്ങളും വിജയിച്ച അർജൻ്റീന 12 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ കളി ബ്രസീലിനെതിരെ വിജയിച്ച ഉറുഗ്വെ നാല് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുമായി രണ്ടാമതും ഇത്ര തന്നെ പോയിൻ്റുമായി മൂന്നാമതാണ്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഉറുഗ്വെയുടെ വിജയം. ഡാർവിൻ ന്യൂനസ്, നിക്കോളാസ് ഡി ല ക്രൂസ് എന്നിവരാണ് ഗോൾ സ്കോറർമാർ. സൂപ്പർ താരം നെയ്മർ പരുക്കേറ്റ് പുറത്തായത് ബ്രസീലിനു തിരിച്ചടിയായി. താരം ഇനി ഈ സീസണിൽ കളിക്കില്ലെന്നാണ് വിവരം.














