അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ് ആനയെ മയക്കുവെടിവെച്ചു


അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ് ആനയെ മയക്കുവെടിവെച്ചു. ആനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക. മയക്കുവെടിവെച്ചതിന് പിന്നാലെ മയങ്ങിവീണതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ആന എഴുന്നേറ്റ് നിന്നാൽ മാത്രമേ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റാൻ സാധിക്കൂ. രാവിലെ 7.15 ഓടെയാണ് ആനയെ മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു.വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ചുവരികയാണ്.


ആനയുടെ മസ്തകത്തിനേറ്റ മുറിവിൽ ആരോഗ്യവിദഗ്ധർ മരുന്നുവെച്ചു നൽകി. ദേഹത്ത് വെള്ളം ഒഴിച്ച് തണുപ്പിച്ച് ആനയെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ആനയ്ക്ക് ചുറ്റും കുങ്കിയാനകൾ നിലയുറച്ചിട്ടുണ്ട്. ആനയെ ഉയർത്തുക എന്നത് വെല്ലുവിളിയായിരിക്കുകയാണ്. ആനയെ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആരംഭിച്ചിരുന്നു. 6.40 ഓടെ ആനയെ ലൊക്കേറ്റ് ചെയ്തു.വെറ്റിലപ്പാറയിലെ പതിനാലാം ബ്ലോക്കിലായിരുന്നു ആന ഉണ്ടായിരുന്നത്. തുടർന്ന് അരുൺ സക്കറിയയും സംഘവും അവിടേയ്ക്ക് എത്തുകയായിരുന്നു. ആനയെ കോടനാട്ടേയ്ക്ക് കൊണ്ടുപോകുന്നതിനായി കുങ്കിയാനകളും എത്തിയിരുന്നു. 7.15ഓടെ ആനയ്ക്ക് മയക്കുവെടി വെച്ചു.


അൽപദൂരം നടന്നതിന് പിന്നാലെ ആന മയങ്ങിവീഴുകയായിരുന്നു.കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു. മുറിവേറ്റ ആനയുടെ ആരോഗ്യം അൽപം മോശമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടർ അരുൺ സക്കറിയ വ്യക്തമാക്കിയിരുന്നു. ആനയുടെ മസ്തകത്തിലെ മുറിവ് ദിനംപ്രതി വലുതായി വരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.



Sharing is Caring