വയനാട്ടിലെ ദുരിതാശ്വാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ വഴി 3 കോടി രൂപ കൂടി നൽകുമെന്ന് മോഹൻലാൽ. നേരത്തെ അദ്ദേഹം 25 ലക്ഷം രൂപ വയനാടിനായി നൽകിയിരുന്നു. മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമ്മിക്കും.മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് പുനർനിർമാണം. വയനാട്ടിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മോഹന്‍ലാൽ.
വിശ്വ ശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സൈന്യത്തിനും മറ്റ് രക്ഷാപ്രവർത്തകർക്കും മോഹൻലാൽ അഭിനന്ദനമറിയിച്ചു.വയനാട്ടിൽ അനാഥരായവർ ഒറ്റക്കാവില്ല , നമ്മളെല്ലാവരും ഒരുമിച്ച് ചേർന്ന് സഹായിക്കും. ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്കുമെന്ന് മോഹൻലാൽ പറഞ്ഞു. വയനാട്ടിലെ ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖലകളില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍.ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്.
ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ ചൂരല്‍മല മുണ്ടക്കൈയിലേക്ക് എത്തിയത്.സൈന്യം നിര്‍മ്മിച്ച് ബെയ്ലി പാലം വഴി മുണ്ടക്കൈയില്‍ എത്തിയ മോഹന്‍ലാല്‍ രക്ഷദൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും, വോളണ്ടിയര്‍മാരുമായും സംസാരിച്ചു. ഒരോ വിഭാഗങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച പ്രദേശങ്ങള്‍ മോഹന്‍ലാല്‍ സന്ദര്‍ശിച്ചത്.
ഉരുള്‍ പൊട്ടലിന്‍റെ പ്രഭവ കേന്ദ്രത്തിന് അടുത്തുള്ള പുഞ്ചിരമറ്റം വരെ മോഹന്‍ലാല്‍ എത്തി കാര്യങ്ങള്‍ നോക്കി കണ്ടിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരോടും മോഹന്‍ലാല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുന്നുണ്ടായിരുന്നു. സൈനിക വേഷത്തില്‍ എത്തിയ മോഹന്‍ലാലിനൊപ്പം മേജര്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ട്.