പുൽവാമ ആരോപണത്തിൽ സത്യപാൽ മാലിക്കിനെതിരെ അമിത് ഷാ

പുൽവാമ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന ആരോപണമുയർത്തിയ ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹത്തിന് ഇതറിയാമെങ്കിൽ എന്തുകൊണ്ട് നേരിട്ട് പറഞ്ഞില്ല എന്ന് അമിത് ഷാ ചോദിച്ചു. ഇന്ത്യ ടുഡേ നടത്തിയ കർണാടക റൗണ്ട് ടേബിൾ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. “അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ട് ഉണർന്നില്ല.

ഇത്തരം അഭിപ്രായ പ്രകടനങ്ങളുടെ സത്യാവസ്ഥ ആളുകളും മാധ്യമപ്രവർത്തകരും പരിശോധിക്കണം. ഇതൊക്കെ സത്യമാണെങ്കിൽ, ഗവർണറായിരുന്ന സമയത്ത് അദ്ദേഹം എന്തുകൊണ്ട് നിശബ്ദനായിരുന്നു? ഇത് പൊതു ചർച്ചയ്ക്കുള്ള വിഷയങ്ങളല്ല. ബിജെപി നയിക്കുന്ന സർക്കാർ, ഇത്തരത്തിൽ മറച്ചുവെക്കേണ്ട തരത്തിലുള്ള ഒന്നും ചെയ്തിട്ടില്ലെന്ന് ജനങ്ങളോട് പറയാൻ ഞാനാഗ്രഹിക്കുന്നു. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ വ്യക്തിപരമാണെന്നോ ഞങ്ങളെ വിട്ടുപോയതിനു ശേഷം രാഷ്ട്രീയപരമായ വ്യക്തിപര നേട്ടത്തിനു വേണ്ടിയാണെന്നോ എന്ന് മാധ്യമങ്ങളും ആളുകളും തീരുമാനിക്കണം.”- അമിത് ഷാ പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചു എന്നാണ് സത്യപാൽ മാലിക് ആരോപിച്ചത്. ആ കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രി മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടതായി സത്യപാൽ മാലിക് വെളിപ്പെടുത്തി. ദ വയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണം 40 പട്ടാളക്കാരുടെ വീരമൃത്യുവിനാണ് കാരണമായത്. അന്ന് സത്യപാൽ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. പുൽവാമ ആക്രമണത്തിന് കാരണം മോദി സർക്കാർ സുരക്ഷയൊരുക്കുന്നതിൽ വരുത്തിയ വീഴ്ചയും ഇന്റലിജൻസ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയുമാണെന്ന് സത്യ പാൽ മാലിക് ദ വയറിനോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *