എക്സിബിഷൻ പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ഇൻഡിപെൻഡന്റെ എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ


കോഴിക്കോട്: നിപ പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച വടകരയിലെ എക്സിബിഷൻ പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ഇൻഡിപെൻഡന്റെ എക്സിബിഷൻ വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. വടകര മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള നാരായണ നഗരം ഗ്രൗണ്ട് വിപുലീകരണ ധനശേഖരണാർത്ഥമാണ് ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 17 വരെയായി ട്രേഡ് ഫെയർ ആന്റ് എക്സിബിഷൻ ആരംഭിച്ചത്.


മുനിസിപൽ ഗ്രൗണ്ട് ഡെവലപ്മെന്റ് കമ്മറ്റിക്കു വേണ്ടി എക്സിബിഷൻ ഒരുക്കുന്നതിന് വേണ്ടി നടത്തിപ്പുകാർ ഏകദേശം നാൽപത് ലക്ഷത്തോളമാണ് ചിലവാക്കിയത്. എന്നാൽ സെപ്റ്റംബർ ആദ്യവാരം പ്രതികൂല കാലാവസ്ഥ കാരണം മിക്ക ദിവസങ്ങളിലും ഭാഗികമായി മാത്രമേ പ്രവർത്തിപ്പിക്കുവാൻ സാധിച്ചുള്ളു. പന്ത്രണ്ടാം തീയതി മുതൽ നിപ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിടേണ്ടതായും വന്നു.


പിന്നീട് തുറന്നു പ്രവർത്തിക്കുവാനുള്ള നടപടി ഉണ്ടാവാത്തത് നടത്തിപ്പുകാരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഗ്രൗണ്ട് വാടക ഒന്നിച്ച് നേരത്തെ അടച്ചതു കൊണ്ട് വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. പരിപാടി നീട്ടിക്കിട്ടാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നുള്ള നിരവധി സ്റ്റോളുകളും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ അമ്യൂസ്മെന്റ് പാർക്ക് ജീവനക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലാണ്. ഇവർക്ക് ഒരു ദിവസം എട്ടായിരത്തോളം രൂപ ഭക്ഷണത്തിനും ഗ്രൗണ്ടിലെ മറ്റ് ആവശ്യത്തിനുമായി മാത്രം ചെലവാകുന്നുണ്ട്. വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതിനാൽ പരിപാടി നീട്ടിക്കിട്ടും എന്ന പ്രതീക്ഷയിലാണ് നടത്തിപ്പുക്കാർ.
ഈ സാഹചര്യത്തിൽ എക്സിബിഷൻ തുറന്നു പ്രവർത്തിപ്പിക്കുവാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്നും യൂണിയൻ ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ് ജ്യോതികുമാർ ജി മുദാക്കൽ, ജനറൽ സെക്രട്ടറി അനിൽ ജോൺ, ട്രഷറർ സൈനു പൊന്നാനി, കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഇസ്മായിൽ , സെക്രട്ടറി പ്രവീൺകുമാർ വടകര, ട്രഷറർ -ഷിബു കോഴിക്കോട്, കണ്ണൂർ ജില്ല പ്രസിഡൻറ് മുനീർ ചൊക്ലി എന്നിവർ ആവശ്യപ്പെട്ടു.



Sharing is Caring