തന്റെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗമെന്ന് എ.കെ ആന്റണി


തന്റെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നും ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു അദ്ദേഹമെന്നും എ.കെ ആന്റണി പറഞ്ഞു.


ഉമ്മന്‍ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ്. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കല്‍ ആയിരുന്നു ലക്ഷ്യം. സഹായം തേടിവരുന്നവരെ നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ഭരണാധികാരിയാണ്.കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണിത്.ഞങ്ങള്‍ക്കിടയില്‍ രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൃദയംകൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മന്‍ചാണ്ടി.


എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മന്‍ചാണ്ടിയുടെ മരണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം എയര്‍ആംബുലന്‍സില്‍ ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തെത്തിക്കും. സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമാകും പുതുപ്പള്ളിയിലേക്കു കൊണ്ടുപോകുക.



Sharing is Caring