175 പുതുമുഖങ്ങളുമായി ഇൻഡിവുഡിന്റെ 100% ചാരിറ്റി ചിത്രമായ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ യുകെയിൽ പ്രദർശന൦ ആര൦ഭിച്ചു


കൊച്ചി. ചരിത്രത്തിലെ ഏറ്റവും തീവ്രമായ പ്രളയക്കെടുതിയിൽ വലയുന്ന ദൈവത്തിന്റെ സ്വന്തം നാടിന് ആശ്വാസവുമായി ഇതാ ഒരു സിനിമയും അതിന്റെ അണിയറ പ്രവർത്തകരും. ചിത്രത്തിന്റെ വരുമാനം മുഴുവനും പ്രളയ ബാധിതർക്കും സിനിമാ മേഖലയുടെ ഉന്നമനത്തിനുമായി മാറ്റിവച്ചുകൊണ്ട് നന്മയുടെ പുതിയ താളുകൾ രചിക്കുകയാണ് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’. കേരളത്തിലെ നൂറോളം പ്രമുഖ തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തു.


സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം സിനിമാ മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കാൻ നേരത്തേ തന്നെ ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ശേഷിക്കുന്ന 75 ശതമാനത്തിൽ 50 ശതമാനം മഴക്കെടുതിയിൽ നശിച്ചു പോയ വീടുകളുടെ പുനർനിർമ്മാണത്തിനും, 25 ശതമാനം പ്രളയബാധിർക്കും, അവരുടെ രക്ഷാപ്രവർത്തനങ്ങൾക്കുമായി ചെലവിടും.


ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 175 പുതുമുഖങ്ങളെയാണ് ചിത്രം അണിനിരത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, ഭോജ്പൂരി, ഗുജറാത്തി, പഞ്ചാബി, കൊങ്ങിണി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ 10 ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന ചിത്രം 15 രാജ്യങ്ങളിൽ റിലീസ് ചെയ്യും. ഒക്ടോബർ 12ന് യു കെ, അയർലണ്ട്, മാൾട്ട, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക, ഓസ്ട്രിയ, ഹോങ്കോങ്, ജപ്പാൻ, ലെബനൻ, കെനിയ, സിങ്കപ്പൂർ, റഷ്യ, എന്നിവിടങ്ങളിലും ഒക്ടോബർ 19 മുതൽ ഗൾഫ് രാജ്യങ്ങളിലും പ്രദർശിപ്പിക്കും.

ഐക്കരക്കോണം എന്ന ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാ-തന്തു. ഇൻഡിവുഡ് ടാലൻറ് ഹണ്ട് ദേശീയ തലത്തിൽ നടത്തിയ ഓഡിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിൻ മംഗലശ്ശേരി, സമർത്ഥ് അംബുജാക്ഷൻ, സിൻസീർ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുൽ, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജൻ, മുകേഷ് എം നായർ, ബേസിൽ ജോസ് എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഇവരോടൊപ്പം ലാലു അലക്സ്, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, ബോബൻ സാമുവൽ, പാഷാണം ഷാജി (സാജു നവോദയ), ജാഫർ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂർ, സീമ ജി നായർ, മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ബിജു മജീദ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമ്മിച്ചിരിക്കുന്നു. പ്രൊജക്റ്റ് ഡിസൈൻ, ഗാനരചന: സോഹൻ റോയ്. കഥ, തിരക്കഥ, സംഭാഷണം: കെ. ഷിബു രാജ്. ക്യാമറ: പി. സി. ലാൽ. എഡിറ്റിംഗ്: ജോൺസൻ ഇരിങ്ങോൾ. സംഗീത സംവിധാനം: ബിജു റാം. പ്രൊഡക്ഷൻ കൺട്രോളർ: അനിൽ അങ്കമാലി. സ്റ്റിൽസ്: സജി അലീന. പിആർഓ: എ. എസ്. ദിനേശ്.

“പ്രളയക്കെടുതിയിൽ വലയുന്ന സ്വന്തം നാടിനെ സഹായിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കർത്തവ്യമാണ്. സംസ്ഥാനത്തിനായി ഇത്തരത്തിൽ ഒരു സഹായം ചെയ്യുവാനായതിൽ ഏരീസ് ഗ്രൂപ്പിന് സന്തോഷവും അഭിമാനവും ഉണ്ട്.” ഗ്രൂപ്പ് ചെയർമാനും സി ഇ ഓ – യുമായ സോഹൻ റോയ് പറഞ്ഞു.

2015-ലെ ചെന്നൈ പ്രളയ ദുരന്തത്തിലും, നേപ്പാൾ ഭൂമികുലുക്കത്തിലും സഹായ ഹസ്തവുമായി ഏരീസ് ഗ്രൂപ്പ് മുന്ന്നിട്ടിറങ്ങിയിരുന്നു. നേപ്പാളിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് പുറമെ 200 വീടുകൾ നിർമ്മിച്ചു നൽകുകയും ചെയ്ത ഏരീസ് ഗ്രൂപ്പ് ചെന്നൈയിൽ പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്കായി ജോലിക്കാരുടെ രണ്ട് സംഘങ്ങളെയാണ് നിയോഗിച്ചത്.

കേരളത്തിലെ പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ ഏരീസ് ഗ്രൂപ്പും, ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ’ അഭിനേതാക്കളും പിന്നണി പ്രവർത്തകരും സജീവ പങ്കാളികളായിരുന്നു. പുതിയ തലമുറയിൽപ്പെട്ട റാഫ്റ്റുകൾ ഇതിനായി ഏരീസ് ഗ്രൂപ്പ് ഉപയ്യോഗിച്ചിരുന്നു. തങ്ങളുടെ ആദ്യ ചാരിറ്റി ചിത്രമായ ‘ജലത്തിന്റെ’ വരുമാനം മുഴുവനും ഇടുക്കിയിലെ ഭവനരഹിതർക്കായി നൽകിയ ഏരീസ് ഗ്രൂപ്പ് 2018 ജൂലായ് അവസാന വാരത്തിൽ കുട്ടനാട്ടിലെ പ്രളയ ബാധിതർക്ക് ആവശ്യമായ സാധന-സാമഗ്രികളും വിതരണം ചെയ്തിരുന്നു.



Sharing is Caring