
മലയാള സിനിമയില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ കഴിയാതെ പോയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി എത്തിയ സിനിമകള്‍ ഹിറ്റുകള്‍ ആയിരുന്നുവെങ്കില്‍ നായകനായി എത്തിയ മലയാള സിനിമകള്‍ എല്ലാം ഫ്‌ളോപ്പുകള്‍ ആയിരുന്നു. മലയാളത്തില്‍ പരാജയ ചിത്രങ്ങളിലെ നായകന്‍ ആണെങ്കില്‍ തമിഴില്‍ അങ്ങനെയല്ല.
‘പുത്തം പുതു കാലൈ’, ‘പാവ കഥൈകള്‍’ എന്നീ ആന്തോളജി സിനിമകളിലെയും ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ‘വിക്ര’ത്തിലെയും കാളിദാസിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. വിക്രത്തില്‍ കമല്‍ഹാസന്‍ അവതരിപ്പിച്ച ടൈറ്റില്‍ കഥാപാത്രത്തിന്റെ മകന്റെ റോളിലാണ് കാളിദാസ് വേഷമിട്ടത്.വിക്രത്തിന് ശേഷം കാളിദാസ് വീണ്ടും കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ശങ്കര്‍-കമല്‍ ഹാസന്‍ ടീമിന്റെ ഐക്കോണിക് ചിത്രം ഇന്ത്യന്റെ സീക്വല്‍ ‘ഇന്ത്യന്‍ 2’വില്‍ ഒരു പ്രധാന കഥാപാത്രമായി കാളിദാസും വേഷമിടും. സിനിമയുടെ ഇപ്പോള്‍ പുരോഗമിക്കുന്ന തായ്‌വാന്‍ ഷെഡ്യൂളില്‍ കാളിദാസ് ജോയിന്‍ ചെയ്തു. ശങ്കറിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ഇക്കാര്യം നടന്‍ പങ്കുവച്ചത്. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സിദ്ധാര്‍ഥ്, സമുദ്രക്കനി, ഗുരു സോമസുന്ദരം, ഗുല്‍ഷന്‍ ഗ്രോവര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന സിനിമയാണിത്. തായ്‌വാനിലെ ഷെഡ്യൂളിന് ശേഷം സിനിമയുടെ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകും. അവിടെയും ഒരു മാസം നീളുന്ന ചിത്രീകരണം ഉണ്ടാവും.
1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയ സിനിമയാണ്. കമലിനെ ദേശീയ അവാര്‍ഡും സിനിമയിലൂടെ തേടിയെത്തി. സൂപ്പര്‍ ഹിറ്റായ വിക്രത്തിന് ശേഷം കമല്‍ ഹാസന്റെതായി എത്തുന്ന സിനിമ എന്നത് ഇന്ത്യന്‍ 2വിന്റെ മൂല്യം വര്‍ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കാളിദാസിനെ സംബന്ധിച്ചും കരിയറിലെ ഏറെ പ്രധാനപ്പെട്ട സിനിമയാണ് ഇന്ത്യന്‍ 2.
