സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ചത് ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്ന്


ഹോട്ടല്‍ വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ചത് ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്ന്. സിദ്ദിഖിനെ ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍പ്പുണ്ടായപ്പോള്‍ കൊല്ലുകയായിരുന്നെന്ന് പ്രതികള്‍ മൊഴിനല്‍കി. വെള്ളിയാഴ്ച ഫര്‍ഹാനയെയും, ഷിബിലിയെയും, ആഷിഖിനെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായപ്പോള്‍ സിദ്ദിഖിനെ ഷിബിലി കത്തികൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചിരുന്നു.


സിദ്ദിഖ് ഭയക്കുമെന്നാണ് പ്രതികള്‍ കരുതിയിരുന്നത്. എന്നാല്‍ ഇയാള്‍ പ്രതികരിച്ചതോടെ ഷിബിലിയും ഫര്‍ഹാനയും കൈയ്യില്‍ കരുതിയിരുന്ന ചുറ്റികകൊണ്ട് സിദ്ദിഖിന്റെ തലക്കടിച്ചു. തുടര്‍ന്ന് ബോധം പോയ സിദ്ദിഖ് ചോരവാര്‍ന്ന് മരിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ ആഷിഖ് മുറിയില്‍ നിന്നും നേരെ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോയി.ഷിബിലിയും ഫര്‍ഹാനയും പിന്നാലെ കാറെടുത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയിരുന്നു. ഇനിയെന്ത് ചെയ്യണമെന്ന് മൂവരും കൂടി ആലോചിച്ചതിന് ശേഷം ഇവരില്‍ നിന്ന് ആഷിഖ് അയ്യായിരം രൂപ കടം വാങ്ങി നാട്ടിലേക്കു പോയി. പിന്നീട് മൃതദേഹം മറവുചെയ്യാന്‍ ഇവരുടെ കൂടെ ആഷിഖ് സഹായത്തിന് എത്തുകയും ചെയ്തിരുന്നു.


ഇലക്ട്രിക് കട്ടറുകളും ബാഗും ഷിബിലിയും ഫര്‍ഹാനയും കൂടി വാങ്ങിവെച്ചു. ശേഷം മൃതദേഹം രണ്ടുപേരും കൂടി വെട്ടിമുറിച്ചു. അഗളിയിലെ തോട്ടത്തില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നതിന്‍റെ പരിചയത്തില്‍ ആഷിഖാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ചുരത്തിലെ തോട്ടത്തില്‍ ഇടാന്‍ നിര്‍ദേശിച്ചിരുന്നത്.



Sharing is Caring