അഫ്ഗാനിസ്ഥാനിൽ പ്രാർത്ഥനക്കിടെ പള്ളിയിൽ വൻസ്ഫോടനം. സ്ഫോടനത്തിൽ പ്രാർത്ഥനക്കെത്തിയ 50ലേറെപ്പേർ കൊല്ലപ്പെട്ടു. കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദിലാണ് ഉച്ചകഴിഞ്ഞ് സ്ഫോടനം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ബെസ്മുള്ള ഹബീബ് പറഞ്ഞു.
സുന്നി പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സിക്ർ എന്നറിയപ്പെടുന്ന ആചാരത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു ആക്രമണം. പള്ളിയിൽ പ്രാർത്ഥനക്കെന്നെ വ്യാജേന എത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഇമാം സയ്യിദ് ഫാസിൽ ആഘ പറഞ്ഞു.

ആശുപത്രികളിൽ ഇതുവരെ 66 മൃതദേഹങ്ങളുണ്ടെന്ന് ആരോഗ്യകേന്ദ്രങ്ങൾ അറിയിച്ചു. 78 പേർക്ക് പരിക്കേറ്റു. എന്നാൽ ഔദ്യോഗികമായി 10 മരണങ്ങൾ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ.













