
തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന് കല്ലെറിഞ്ഞ പ്രതി പിടിയില്‍. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാന്‍ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോള്‍ ട്രെയിന്‍ കൊള്ളുകയായിരുന്നുവെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. എന്നാല്‍, പൊലീസ് ഈ മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല. റെയില്‍ പൊലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ക്ക് പിന്നില്‍ മറ്റാളുകള്‍ ഉണ്ടോയെന്ന് പെലീസ് പരിശോധിക്കുന്നുണ്ട്.മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചായിരുന്നു വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി. തുടര്‍ന്ന് ലഭിച്ച നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിസ്വാന്‍ പിടിയിലായത്.

ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തത്. സര്‍വീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ് വരുമാനം നേടിയത്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ് ടിക്കറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം നേടിയത്.
