കുന്നംകുളത്ത് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ പൊളിച്ച് 95 പവന്‍ കവര്‍ച്ചചെയ്ത പ്രതി പിടിയില്‍

തൃശൂര്‍: കുന്നംകുളം നഗരത്തില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 95 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസിലെ പ്രതി പോലീസ് പിടിയിലായി. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം സ്വദേശി ഇസ്മയിലാണ് (30)പിടിയിലായത്. കുന്നംകുളം -തൃശൂര്‍ റോഡില്‍ ശാസ്ത്രിജി നഗറില്‍ താമസിക്കുന്ന എല്‍.ഐ.സി. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥയായ ദേവിയുടെ വീട് കുത്തിത്തുറന്നാണ് ജനുവരി ഒന്നിന് 95 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്.

ഭര്‍ത്താവ് ജോലി സംബന്ധമായി എത്യോപ്യയിലും രണ്ടു മക്കള്‍ മെഡിസിനും പഠിക്കുന്ന സാഹചര്യത്തില്‍ തനിച്ച് താമസിക്കുന്ന ദേവി രാവിലെ വീട് പൂട്ടിയശേഷംഒരു കല്യാണത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതായി കണ്ടെത്തിയത്.മുകളിലത്തെ നിലയിലെ വാതില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് കണ്ടെത്തിയിരുന്നു. പിന്നീടാണ് അലമാരകള്‍ മുഴുവന്‍ കുത്തിത്തുറന്ന നിലയിലുംഅലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണം നഷ്ടപ്പെട്ട നിലയിലും കണ്ടെത്തിയത്. തുടര്‍ന്ന് കേസെടുത്ത പോലീസ് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

കുന്നംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ യു.കെ. ഷാജഹാന്‍, എസ്.ഐമാരായ രാജീവ്, ഷക്കീര്‍ അഹമ്മദ്, സുകുമാരന്‍, എ.എസ്.ഐ. സുമേഷ്, സി.പി.ഒമാരായ ഗഗേഷ്, അഭീഷ്, റിജിന്‍ദാസ് എന്നിവരും തൃശൂര്‍ ക്രൈം സ്‌ക്വാഡിലെ എസ്.ഐമാരായ സുവ്രതകുമാര്‍, റാഫി, ഗോപാലകൃഷ്ണന്‍, രാകേഷ്, സീനിയര്‍ സി.പി.ഒമാരായ ജീവന്‍, പഴനിസ്വാമി, സി.പി.ഒമാരായ ലികേഷ്, വിപിന്‍, സുജിത്, ശരത്, ആശിഷ്, വിനിത എന്നിവരും സംയുക്തമായി പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരില്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മോഷ്ടിച്ച 95 പവന്‍ ആഭരണങ്ങള്‍ക്ക് 40 ലക്ഷം രൂപ വില വരും.

വീടിന്റെ അടുക്കളയില്‍ വാഷ്‌ബേയ്‌സനില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ചെറിയ പഴ്‌സുകള്‍ കത്തിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ക്രൈം സ്‌ക്വാഡും കുന്നംകുളം പോലീസും പരിസരത്തുള്ള വീടുകളിലും അയല്‍വാസി വീടുകളിലും കുന്നംകുളം ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും വന്നുപോയവരെ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സമാനമായ മുന്‍ കേസുകളിലെ 150 മോഷ്ടാക്കളെ അന്വേഷിച്ചതില്‍ നിന്നാണ് ഇസ്മയിലിലേക്ക് അന്വേഷണം എത്തിയത്. 2022 ഡിസംബര്‍ രണ്ടിന് ഇസ്മയില്‍ മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍നിന്നും പുറത്തിറങ്ങിയതായി പോലീസിന് വിവരം ലഭിച്ചു. പുനലൂരില്‍ ഡിസംബറില്‍ ഒരു വീട്ടില്‍ ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നു.

മാവേലിക്കരയിലും കോഴിക്കോടും ഇയാള്‍ താമസിച്ചിരുന്നതായ വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. ധര്‍മടം, എളമക്കര, മലപ്പുറം, തൃക്കാക്കര, കോഴിക്കോട് ടൗണ്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, നല്ലളം, കായംകുളം, പത്തനാപുരം, കളമശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ മോഷണ കേസുകളുണ്ട്.മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റ പണമടക്കം95 പവന്‍ ആഭരണങ്ങള്‍ കോഴിക്കോട് ജൂവലറിയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് മോഷണം നടന്ന വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
 

Spread the love

Leave a Reply

Your email address will not be published. Required fields are marked *