തൃശൂർ നാട്ടികയിലുണ്ടായ ലോറി അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. മദ്യലഹരിയിൽ മയങ്ങിപ്പോയെന്ന് ക്ലീനർ അലക്സ് മൊഴി നൽകി. യാത്രക്കിടയിൽ ഡ്രൈവറുമായി തുടർച്ചയായി മദ്യപിച്ചെന്നും അലക്സ് പറഞ്ഞു. 20 സെക്കന്റ് കണ്ണടച്ചു പോയെന്നും വാഹനം എന്തിലോ തട്ടുന്നതായി തോന്നിയപ്പോൾ വെട്ടിച്ചുവെന്നും അലക്സിന്റെ മൊഴിയിലുണ്ട്. നിലവിളി കേട്ടപ്പോൾ രക്ഷപ്പെടാൻ നോക്കിയെന്നും അലക്സ് കുറ്റസമ്മതം നടത്തി.നാട്ടികയിൽ നാടോടികളായ ആളുകൾക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ ജെകെ തിയേറ്ററിന് സമീപമായിരുന്നു അപകടം.
അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപിച്ചെത്തിയ ക്ലീനറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.ദേശീയപാതയ്ക്ക് സമീപം ഉറങ്ങുകയായിരുന്ന നാടോടികളായ കുടുംബത്തിലേക്ക് ലോറി ഇടിച്ചുകയറി ആളുകളെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

റോഡ് പണി നടക്കുന്ന സ്ഥലത്താണ് നാടോടികളായ ആളുകളെ താമസിപ്പിച്ചത്. പണി നടക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. ലോറി ഡ്രൈവർ വഴിതിരിച്ചുവിടൽ ബോർഡ് അവഗണിച്ച് ടെൻ്റിൽ ഉറങ്ങിക്കിടന്നവരെ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിവരം. അമിതവേഗതയിലെത്തിയ ലോറി റോഡരികിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്താണ് റോഡിലിറങ്ങിയത്. ചിലർ ലോറിക്കടിയിൽ കുടുങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.













