കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും


കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കൂടുതല്‍ ആളുകളെ ഈ ആഴ്ച ഇ ഡി ചോദ്യം ചെയ്യും. മുന്‍ മന്ത്രി എ സി മൊയ്തീന്‍ അടക്കം മുമ്പ് ചോദ്യം ചെയ്തവര്‍ക്ക് ഉടന്‍ നോട്ടീസ് അയക്കുമെന്നാണ് സൂചന.എസി മൊയ്തീനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്‌തേക്കും. നേരത്തെ വീണ്ടും ഹാജരാകാന്‍ ഇഡി എസി മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്നേദിവസം തിരുവനന്തപുരത്ത് നടന്ന എംഎല്‍എമാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തതിനാല്‍ എ സി മൊയ്തീന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.


കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കൂടുതല്‍ ആളുകള്‍ക്ക് ഇ ഡി ഇന്നും നാളെയുമായി നോട്ടീസ് നല്‍കും. നേരത്തെ ചോദ്യം ചെയ്ത ബാങ്ക് മുന്‍ മാനേജര്‍ ബിജു കരിം, സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍, അക്കൗണ്ടന്റ് ജില്‍സ് തുടങ്ങിയവരേയും വിളിച്ച് വരുത്തും.


ചട്ടവിരുദ്ധമായി പതിനെട്ടര കോടി രൂപയുടെ ലോണ്‍ എടുത്ത് തിരിച്ചടക്കാതെ മുങ്ങിയ എസ് ടി ജ്വല്ലറി ഉടമ സുനില്‍കുമാറിനെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. അതിനൊപ്പം കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലനേയും അടുത്ത ദിവസം ചോദ്യം ചെയ്യും. അറസ്റ്റിലായ പി സതീഷ്‌കുമാറിനുവേണ്ടി ബിനാമി ഭൂമികളുടെ ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ആധാരമെഴുത്തുകാരേയും അടുത്ത ദിവസങ്ങളില്‍ കൊച്ചി ഇ ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തും.



Sharing is Caring