തിരുവനന്തപുരം വര്‍ക്കലയില്‍ നിന്ന് 200 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വര്‍ക്കല പുന്നമൂട് മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചെടുത്തത്.200 കിലോയോളം വരുന്ന പഴകിയ ചൂര മീനാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബില്‍ നടത്തിയ പരിശോധനയിലാണ് മീന്‍ പഴകിയതാണെന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മീനുകള്‍ നശിപ്പിച്ചു.മത്സ്യബന്ധന വിലക്ക് നിലനില്‍ക്കുന്നതിനാല്‍ തന്നെ ജില്ലയില്‍ ഉടനീളം ചന്തകളില്‍ വലിയ പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്നത്. പല മാര്‍ക്കറ്റിലും ഫ്രോസണ്‍ മത്സ്യം കണക്കില്ലാതെ വില്‍ക്കുന്നു എന്ന വിവരം നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് പരിശോധന നടത്തിയത്.

നേരത്തെ ആറ്റിങ്ങല്‍ ആലംകോട്, കല്ലമ്പലം കടമ്പാട്ടുക്കോണം എന്നീ മൊത്തവില്‍പന മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് പഴകിയ മത്സ്യങ്ങള്‍ ലഭിച്ചിരുന്നില്ല. പക്ഷേ ഇവിടുത്തെ ഭൂരിഭാഗം കച്ചവടക്കാരും പഴകിയ ഫ്രോസണ്‍ മത്സ്യമാണ് വില്‍ക്കുന്നതെന്ന് കണ്ടെത്തി. മണല്‍ വിതറിയുള്ള മത്സ്യ വില്പന അനുവദിക്കില്ലെന്ന് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ മത്സ്യത്തൊഴിലാളികളോട് പറഞ്ഞു.












