പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ സാഹചര്യമൊരുങ്ങുകയാണ്. ബംഗളൂരുവില്‍ തുടരുന്ന ജാമ്യ വ്യവസ്ഥയില്‍ സുപ്രിം കോടതി ഇളവ് നല്‍കിയതോടെയാണ് മഅദനി കേരളത്തിലെത്തുന്നത്. കൊല്ലം അന്‍വാര്‍ശേരിയിലുള്ള പിതാവിനെ മഅദനി കാണും.
ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം മഅദനിയെ സ്വീകരിക്കും.നിയമസംഹിതകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യയില്‍ അതേ നിയമത്തിന്റെ ആനുകൂല്യം പറ്റാനാകാതെ, സ്വതന്ത്ര ഇന്ത്യയില്‍ ഇത്രയുമധികം കാലം വിചാരണ തടവുകാരനായി ജീവിക്കുന്ന ഒരേ ഒരു മനുഷ്യനാണ് അബ്ദുള്‍ നാസര്‍ മഅദനി. 1998 മാര്‍ച്ച് 31നാണ് വിചാരണ തടവുകാരനായി മഅദനിയെ തമിഴ്നാട് ജയിലിടച്ചത്.

98ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് ചെയ്ത ഈ അറസ്റ്റിനെ തുടര്‍ന്ന് മഅദനി വിചാരണ തടവുകാരനായി ജയിലില്‍ കിടന്നത് 9 വര്‍ഷം. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്നറിയാന്‍ മാത്രം ജീവിതത്തിലെ 3287 ദിവസങ്ങള്‍ നഷ്ടപ്പെടുത്തേണ്ടിവന്നു. ജനാധിപത്യ രാജ്യത്ത്, മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് നീണ്ട നീണ്ട തെരുവുപ്രസംഗങ്ങള്‍ നടത്തുന്ന ഇതേ ഇന്ത്യയില്‍ താനൊരു കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ മാത്രമാണ് ഈ 3287 ദിവസങ്ങളെടുത്തത്.













