സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍


തിരുവനന്തപുരം: നെടുമങ്ങാട് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.നെടുമങ്ങാട് പനവൂര്‍ കല്ലിയോട് ദര്‍ഭ വിളാകത്തുവീട്ടില്‍ അഖില്‍ (23)ആണ് പിടിയിലായത്. ഹോസ്റ്റലിനുള്ളില്‍ കടക്കുന്ന അഖില്‍ മുകള്‍ നിലയിലെ വാട്ടര്‍ ടാങ്കിനു ചുവട്ടില്‍ കഞ്ചാവ് പൊതികള്‍ കൊണ്ട് വച്ച ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് വിവരം നല്‍കും.


ആവശ്യക്കാര്‍ ഇവിടെ വന്ന് കഞ്ചാവ് എടുത്ത ശേഷം പണം വയ്ക്കും. രാത്രിയില്‍ ഇയാള്‍ കയറി പണം എടുത്തുകൊണ്ടു പോവുകയുമാണ് ചെയ്തിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്നതിന് ഇതിന് മുമ്ബും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.


കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ ഹോസ്റ്റലില്‍ കടന്ന അഖിലിനെ ജീവനക്കാര്‍ തടഞ്ഞുവച്ച്‌ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഞ്ചാവ് ലഹരിയില്‍ കൈയിലെ ഞരമ്ബ് മുറിച്ചു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ അമ്മയെ തലക്കടിച്ചു പരിക്കേല്പിച്ചതുള്‍പ്പെടെ ഇയാള്‍ക്കെതിരെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ആറ് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Sharing is Caring