കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍


കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍ സന്ദേശഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സിറ്റിയിലെ നാലുവയല്‍ സ്വദേശി റിയാസാ(29)ണ് പൊലിസ് പിടിയിലായത്. മദ്യലഹരിയിലാണ് ഫോണ്‍ ഭീഷണിമുഴക്കിയതെന്നു ഇയാള്‍ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ടോള്‍ ഫ്രീനമ്പറായ 112-ല്‍ വിളിച്ചയാളെ കണ്ണൂര്‍ ടൗണ്‍ പൊലിസ് തിരിച്ചറിഞ്ഞിരുന്നു. കണ്ണൂര്‍ സിറ്റി പൊലിസ് സ്‌റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.


കണ്ണൂര്‍ ടൗണ്‍ എസ്. ഐ സി. എച്ച് നസീബിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി എട്ടുമണിക്കാണ് അടിയന്തിരസഹായത്തിനുളള പൊലിസ് എമര്‍ജന്‍സി നമ്പറായ 112-ലേക്ക് ഫോണ്‍വിളിയെത്തിയത്. ഇ. ആര്‍. എസ്. എസ് പ്രകാരം കോള്‍ തിരുവനന്തപുരം സര്‍വറിലെത്തി അവിടെ നിന്നും കണ്ണൂര്‍ സിറ്റി പൊലിസിലേക്ക് മേസെജ് വരികയായിരുന്നു. ഇതു പ്രകാരം 112-ലേക്ക് വിളിച്ച മൊബൈല്‍ ഫോണ്‍ പൊലിസ് തിരിച്ചറിയുകയായിരുന്നു. ഈ നമ്പര്‍ ഉടമയെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്തപ്പോള്‍ ഇതു കുറച്ചു നാളായി റിയാസാണ് ഉപയോഗിക്കുന്നതെന്നു മൊഴിനല്‍കുകയായിരുന്നു.




Sharing is Caring