കടുവയെ കണ്ട് പേടിച്ച് ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു


മഹാരാഷ്ട്രയിൽ കടുവയെ കണ്ട് പേടിച്ച് ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു. മഹാരാഷ്ട്രയിലെ ചന്ദാർപൂർ ന​ഗരത്തിൽ വ്യാഴാഴ്ചയാണ് സംഭവം. പ്രവീൺ മറാത്തെ എന്നയാളാണ് മരിച്ചത്. പ്രഭാത സവാരിക്കിടെയാണ് പ്രവീൺ, കടുവ റോഡ് മുറിച്ചു കടക്കുന്നതായി കണ്ടത്. പെട്ടെന്ന് കടുവയെ കണ്ടതിലുള്ള ഭയം മൂലം ഹൃദയാഘാതം സംഭവിച്ചാണ് ഇയാൾ മരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.


വനത്തിന് സമീപം റോഡരികിൽ കാർ പാർക്ക് ചെയ്തതിന് ശേഷം ഇയാൾ പതിയെ നടന്നുവരികയായിരുന്നു. പെട്ടെന്നാണ് ഇയാളുടെ മുന്നിലൂടെ കടുവ റോഡ് മറികടന്ന് പോയത്. ഭയന്നു പോയതിനെ തുടർന്ന് പ്രവീണിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.


പിന്നാലെ പ്രഭാതസവാരിക്കായി എത്തിയ ആളുകളാണ് പ്രവീൺ റോഡിൽ വീണു കിടക്കുന്നതായി കണ്ടത്. ഇവരാണ് ആംബുലൻസ് വിളിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. എന്നാൽ ഇവരെത്തുന്നതിന് മുമ്പ് തന്നെ പ്രവീണിന് മരണം സംഭവിച്ചിരുന്നു. ഈ പ്രദേശത്ത് മിക്കവാറും കടുവയെ കാണാറുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു.



Sharing is Caring