ബൈക്കും ബസും കൂട്ടിയിടിച്ച് തീപടർന്ന് ബൈക്ക് യാത്രികനായ പൊലീസുകാരൻ മരിച്ചു. ചിന്നമന്നൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണൻ (40) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തീപിടിച്ച ബസ് കത്തിനശിച്ചു. യാത്രക്കാർ ഇറങ്ങി ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.തിങ്കളാഴ്ച രാത്രി കമ്പം-തേനി റോഡിൽ ഉത്തമപാളയത്തിന് സമീപമാണ് അപകടം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കമ്പത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുന്ന സ്വകാര്യ ബസുമായി രാമകൃഷ്ണന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതോടെ തീ പടർന്നു. അഗ്നിരക്ഷ സേനയെത്തിയാണ് അണച്ചത്. അപ്പോഴേക്കും രാമകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞിരുന്നു.














