തലച്ചോറിനൊരു പേസ്‌മേക്കര്‍; പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഡിബിഎസ് ചികിത്സ

കൊച്ചി: ജീവിതത്തിലുടനീളം രോഗികളെ ഏറെ പ്രയാസപ്പെടുത്തുന്ന ഒരു രോഗമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. വിറയല്‍, പേശികളുടെ മുറുക്കം, പ്രവര്‍ത്തന മന്ദത, വീഴുമെന്ന് തോന്നല്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുകയാണ് പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ ചെയ്യുന്നത്. തലച്ചോറിനെ ബാധിക്കുന്ന ഒരു തേയ്മാന രോഗമാണിത്. പ്രായമേറുന്തോറും രോഗ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുന്നു. പ്രധാനമായും ചലന സംബന്ധമായ പ്രശ്‌നങ്ങളാണ് പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ കാണുന്നത്. മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയ്ക്കും രോഗ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതില്‍ പലപ്പോഴും പരിമിതികള്‍ നേരിടാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഏറെ ആശ്വാസം പകരുന്ന ശസ്ത്രക്രിയാ ചികിത്സയ്ക്ക് ഇപ്പോള്‍ പ്രാചരമേറി വരികയാണ്. പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് വളരെയേറെ ആശ്വാസം നല്‍കുന്ന ഡിബിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡീപ് ബ്രെയ്ന്‍ സ്റ്റിമുലേഷനാണ് അതിനൂനതമായ ശസ്ത്രക്രിയാ ചികിത്സ. തലച്ചോറിന് ഒരു പേസ്‌മേക്കര്‍ എന്നു വേണമെങ്കില്‍ ഡിബിഎസിനെ ലളിതമായി പറയാം.

ലഭ്യമായതില്‍ ഏറ്റവും ഫലപ്രദമായ ഈ പാര്‍ക്കിന്‍സണ്‍ ചികിത്സ തേടുന്നവരുടെ എണ്ണം കേരളത്തിലും വര്‍ധിച്ചു വരികയാണ്. എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലില്‍ മാത്രം രണ്ടു വര്‍ഷത്തിനിടെ 25 ഡിബിഎസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഈ ചികിത്സയിലൂടെ ഇവര്‍ക്ക് ജീവിത നിലവാരം നല്ല തോതില്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ശ്രീറാം പ്രസാദ് എ വി പറഞ്ഞു. ഡിബിഎസ് ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് പെര്‍സെപ്റ്റ് പിസി ന്യൂറോസ്റ്റിമുലേറ്റര്‍. പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഒരു മലയാളിയില്‍ ആദ്യമായി ഈ ഉപകരണം ഉപയോഗിച്ചു ശസ്ത്രക്രിയ നടന്നതും ലൂര്‍ദ് ആശുപത്രിയിലാണ്. 25 ഡിബിഎസ് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം ലൂർദ് ആശുപത്രി ഇപ്പോൾ നൂതന സാങ്കേതിക വിദ്യയായ പെർസെപ്റ്റിലേക്ക് കടന്നിരിക്കുകയാണ്.

ഡിബിഎസ് ഫലം ചെയ്യുമോ?

പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ സാധാരണ കണ്ടുവരുന്ന വിറയല്‍, മാംസപേശികളുടെ മുറുക്കം, പ്രവൃത്തികള്‍ ചെയ്യാനുള്ള കാലതാമസം എന്നീ ലക്ഷണങ്ങളെ 50-70 ശതമാനം വരെ മെച്ചപ്പെടുത്താന്‍ ഡിബിഎസ് സഹായിക്കും. അതേസമയം ബാലന്‍സില്ലായ്മ, നടത്ത സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയില്‍ ഡിബിഎസിലൂടെ ലഭിക്കുന്ന ഗുണം തുലോം കുറവായിരിക്കും. ചലന സംബന്ധമായ രോഗലക്ഷണങ്ങള്‍ കാര്യമായി കുറയുന്നതോടെ രോഗിക്ക് ദൈനംദിന ജീവിതത്തില്‍ പ്രവൃത്തികള്‍ സ്വന്തമായി കൂടുതല്‍ എളുപത്തില്‍ ചെയ്യാന്‍ കഴിയുന്നതോടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുന്നു എന്നതാണ് ഡിബിഎസ് ശസ്ത്രക്രിയാ ചികിത്സയുടെ ഏറ്റവും വലിയ ഗുണം.

മരുന്നിന്റെ പരിമിതകള്‍

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മരുന്നായ ലെവോഡോപയുടെ ഫലത്തിന് രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ പല പരിമിതികളും ഉണ്ടാകാറുണ്ട്. ഈ അവസരത്തില്‍ ഡിബിഎസ് വളരെ ഗുണകരമാണ്. ഡിബിഎസ് മുഴുവൻ സമയവും പ്രവര്‍ത്തിക്കുന്നതിനാല്‍, മരുന്നുകള്‍ പ്രവര്‍ത്തിക്കാത്ത സമയങ്ങളിലും രോഗ ലക്ഷണങ്ങള്‍ ഡിബിഎസ്സിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ഇതാണ് ഡിബിഎസ് ചികിത്സയുടെ ഏറ്റവും പ്രധാന നേട്ടവും. ചലന സംബന്ധമായ ലക്ഷണങ്ങള്‍ നിയന്ത്രിക്കാനാണ് പ്രാഥമികമായി ഡിബിഎസ് ചെയ്യുന്നതെങ്കിലും ചലനസംബന്ധമല്ലാത്ത ചില ലക്ഷണങ്ങളും ഈ ചികിത്സയിലൂടെ മെച്ചപ്പെടുന്നതായി കാണാറുണ്ട്. പ്രത്യേകിച്ച് ഉറക്കമില്ലായ്മ, അമിതമായ പകലുറക്കം എന്നിവയ്ക്ക് പരിഹാരമാകാറുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ കാണുന്ന അമിത ക്ഷീണവും ഡിബിഎസിനു ശേഷം കുറയുന്നതായും കാണുന്നു.

ഡിബിഎസിന് മാനദണ്ഡങ്ങള്‍ കണിശം

എന്നാല്‍ എല്ലാ പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കും ഡിബിഎസ് ചികിത്സ ചെയ്യാന്‍ കഴിയില്ല. കണിശമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഏതെല്ലാം രോഗികള്‍ക്ക് ഡിബിഎസ് ചെയ്യാമെന്ന് തീരുമാനിക്കുക. മറവി രോഗം സാരമായി ബാധിച്ച പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്ക് ഡിബിഎസ് ചെയ്യാന്‍ പാടില്ല. വിഷാദം, ചിത്തഭ്രമം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവ ചികിത്സിച്ച് നിയന്ത്രണ വിധേയമാക്കിയതിനു ശേഷം മാത്രമെ ഡിബിഎസ് ചെയ്യാന്‍ പാടുള്ളൂ. മാത്രവുമല്ല ഡിബിഎസ് കൊണ്ട് രോഗിക്ക് ഗുണം ലഭിക്കുമോ എന്നു മനസ്സിലാക്കാന്‍ വിശദമായ പരിശോധനകളും നടത്തിയ ശേഷം മാത്രമെ ഈ ചികിത്സയിലേക്ക് പ്രവേശിക്കൂ.

തലച്ചോറിനൊരു പേസ്‌മേക്കര്‍

ഇലക്ട്രോഡും ന്യൂറോസ്റ്റിമുലേറ്ററും ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന വൈദ്യുത തന്ത്രിയുമാണ് ഡിബിഎസ് ഉപകരണങ്ങള്‍. ഇവയെല്ലാം ശരീരത്തിനുള്ളിലായാണ് സ്ഥാപിക്കുക. ശസ്ത്രക്രിയയിലൂടെ വളരെ സൂക്ഷ്മമായ ഒരു ഇലക്ട്രോഡ് തലച്ചോറില്‍ ഘടിപ്പിക്കുകയാണ് ഡിബിഎസില്‍ ചെയ്യുന്നത്. തലച്ചോറിലെ ഉത്തേജിപ്പിക്കേണ്ട ഭാഗത്തേക്ക് ഈ ഇലക്ട്രോഡ് ഇറക്കിവയ്ക്കുന്നു. വൈദ്യുത തരംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ന്യൂറോസ്റ്റിമുലേറ്റര്‍ രോഗിയുടെ നെഞ്ചിന്റെ ഭാഗത്താണ് ഘടിപ്പിക്കുന്നത്. ശേഷം വൈദ്യുത തന്ത്രി ഉപയോഗിച്ച് തലച്ചോറിലെ ഇലക്ട്രോഡിനെ ന്യൂറോസ്റ്റിമുലേറ്ററുമായി ബന്ധിപ്പിക്കുന്നു. ഇവയിലൂടെയാണ് വൈദ്യുത തരംഗങ്ങള്‍ തലച്ചോറിലെത്തിക്കുന്നത്.

രണ്ടു ഘട്ടങ്ങളിലായാണ് ഡിബിഎസ് ശസ്ത്രക്രിയ നടത്തുന്നത്. തലച്ചോറില്‍ ഇലക്ട്രോഡ് ഘടിപ്പിക്കുന്ന സ്റ്റീരിയോടാക്ടിക് സര്‍ജറിയാണ് ആദ്യ ഘട്ടം. തലച്ചോര്‍ എംആര്‍ഐ സ്‌കാന്‍ ചെയ്തതിനു ശേഷം ഒരു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ന്യൂറോ നേവിഗേഷന്‍ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ ന്യൂറോസ്റ്റിമുലേറ്ററിനേയും ഇതിനെ തലച്ചോറിലെ ഇലക്ട്രോഡുമായി ബന്ധിപ്പിക്കുന്ന വൈദ്യുത തന്ത്രികളേയും രോഗിയുടെ ശരീരത്തില്‍ സ്ഥാപിക്കുന്നു. ശേഷം തലച്ചോര്‍ സ്‌കാന്‍ ചെയ്ത് ഇലക്ട്രോഡ് കൃത്യസ്ഥാനത്താണെന്ന് ഉറപ്പാക്കുന്നു.

ഡിബിഎസ് സങ്കീര്‍ണതകള്‍

ഡിബിഎസ് ശസ്ത്രക്രിയയില്‍ ചില സങ്കീര്‍ണ സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ശസ്ത്രക്രിയാ സമയത്ത് തലച്ചോറില്‍ ഉണ്ടായേക്കാവുന്ന രക്തസ്രാവം ആണ് അതില്‍ പ്രധാനം. ഡിബിഎസ് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരില്‍ 1-2 ശതമാനം പേരിലും ഇത് കാണുന്നു. ചെറിയ രക്തസ്രാവമാണെങ്കില്‍ മറ്റു കുഴപ്പങ്ങളുണ്ടാകാറില്ല. എന്നാല്‍ വലിയതോതിലുള്ള രക്തസ്രാവം ശരീരത്തിന്റെ ഒരു വശത്തിന്റെ ബലക്ഷയത്തില്‍ കലാശിക്കാം. 250ല്‍ ഒരാള്‍ക്കാണ് ഇത് കാണുന്നത്.

അണുബാധയാണ് മറ്റൊരു സങ്കീര്‍ണത. 2-3 ശതമാനം രോഗികളിലും ഇത് കാണുന്നു. ആന്റിബയോട്ടിക്‌സിനോട് പ്രതികരിക്കാത്ത ശക്തമായ അണുബാധയാണെങ്കില്‍ ഡിബിഎസ് ഉപകരണം രോഗിയുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരും. ഇത്തരം രോഗികളില്‍ അണുബാധ ചികിത്സിച്ചു ഭേദമാക്കിയ ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും ഡിബിഎസ് ചെയ്യാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *