പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറായ 29കാരി യുവതി അന്തരിച്ചു. ബ്രസീലിയന്‍ യുവത്വത്തിനിടയില്‍ ഫാഷനിലൂടെ ഏറെ സ്വാധീനം ചെലുത്തിയ പ്രശസ്തയായ ലുവാന ആന്‍ഡ്രേഡിനാണ് ദാരുണ അന്ത്യം സംഭവിച്ചത്. സൗന്ദര്യവര്‍ദ്ധക ചികില്‍സയുടെ പാര്‍ശ്വഫലമായി ഉണ്ടായ ഹൃദയാഘാതത്തിലാണ് ഇവര്‍ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സവോപോളയില്‍ സൗന്ദര്യവര്‍ദ്ധക ചികില്‍സയ്ക്ക് ലുവാന വിധേയായിരുന്നു. ബ്രസീലിയന്‍ മാധ്യമം മാര്‍ക്ക പറയുന്നതനുസരിച്ച്, ശസ്ത്രക്രിയ തുടങ്ങി ഏകദേശം രണ്ടര മണിക്കൂറിനുള്ളില്‍ ലുവാനയ്ക്ക് ഹൃദയാഘാതം സംഭവിച്ചു.
ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ചികില്‍സയ്ക്കാണ് ലുവാന വിധേയായത് എന്നാണ് റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.അതേ സമയം ലുവാന ആന്‍ഡ്രേഡിന് ത്രോംബോസിസുമായി ബന്ധപ്പെട്ട പള്‍മണറി എംബോളിസം ഉണ്ടായിരുന്നതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ പറയുന്നു.
‘ശസ്ത്രക്രിയയ്ക്ക് ഇടെ രോഗിയുടെ നില വഷളായി. ലുവാന ആന്‍ഡ്രേഡിനെ ഉടന്‍ ഐസിയുവിലേക്ക് മാറ്റി. അവിടെ മരുന്നുകളും ഹീമോഡൈനാമിക് ചികിത്സയും നല്‍കി. എന്നാല്‍ വ്യാഴാഴ്ച രാവിലെ അഞ്ചോടെ മരണം സംഭവിച്ചു’ ഹോസ്പിറ്റല്‍ ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.














