
ടെക്സസ്: അമേരിക്കയിലെ ടെക്സസ് ദേശീയ പാതയിലുണ്ടായ അപകടത്തിൽ 21 കാരന് ദാരുണാന്ത്യം. ഹൈവേയിൽ ട്രക്കിൽ നിന്ന് അയഞ്ഞ ടയർ വീണാണ് യുവാവ് മരിച്ചത്. 4 മാസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ അച്ഛനായ 21 കാരനായ ക്ലേടൺ വോണിനാണ് ദാരുണ സംഭവത്തിൽ ജീവൻ നഷ്ടമായതെന്നത് ഏവരെയും നൊമ്പരപ്പെടുത്തുകയാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കാമുകിക്കും അപകടത്തിൽ പരിക്കേറ്റെങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ 4 മാസം പ്രായമുള്ള കുട്ടി അപകട സമയത്ത് ഒപ്പമുണ്ടാകാതിരുന്നത് ഭാഗ്യമായെന്നാണ് ഏവരും പറയുന്നത്.18 ചക്രങ്ങളുള്ള ട്രക്കിൽ നിന്നാണ് ടയർ റോഡിൽ വീണത്. ട്രക്കിൽ നിന്ന് ടയർ പറന്നുവന്ന് ഇവർ സഞ്ചരിച്ച വാഹനത്തിൽ പതിക്കുകയായിരുന്നു. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

