തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കും. ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായി വിവരം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയിൽ മുൻപന്തിയിലാണ് തിരുവനന്തപുരം.
തൃശൂർ കഴിഞ്ഞാൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. നേരത്തേ തന്നെ ഇവിടെ നിന്ന് ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖർ. നേരത്തേ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ എൻ ഡി എയുടെ വൈസ് ചെർമാനായിരുന്നു.
കഴിഞ്ഞ തവണ ബിജെപിയുടെ കുമ്മനം രാജശേഖരൻ 31% വോട്ടുകളാണു നേടിയത്. കോൺഗ്രസിന് 41% വോട്ടു കിട്ടി. അതിനിടെ കേരളത്തിലെ ബി ജെ പിയുടെ സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കും. ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയായിരിക്കും പ്രഖ്യാപിക്കുക.
തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി മുരളീധരനും പാലക്കാട് സി കൃഷ്ണ കുമാറും സ്ഥാനാർത്ഥികളായേക്കുക. ഇവർ ഇതിനോടകം തന്നെ മണ്ഡലത്തിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് നിന്ന് എം ടി രമേശ് ആയിരിക്കും മത്സരിച്ചേക്കുക.













