രാജ്യത്തിന്‍റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച്
കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. സംസ്ഥാനം അതീവ ദുഃഖത്തിലാണെന്നും എന്നാൽ നാം അതിനെ അതിജീവിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍, പരേഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ നടന്നത്.

കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.













