തുര്‍ക്കി- -സിറിയ ഭൂകമ്ബത്തില്‍ 70 ലക്ഷത്തിലധികം കുട്ടികളാണ് ദുരിതം അനുഭവിക്കുന്നതെന്ന് യുഎന്‍ റിപ്പോര്‍ട്ട്.തുര്‍ക്കിയില്‍മാത്രം പത്ത് പ്രവിശ്യയിലായി 46 ലക്ഷം കുട്ടികളും സിറിയയില്‍ 25 ലക്ഷം കുട്ടികളും ഭൂകമ്ബത്തിന് ഇരയായി.തുര്‍ക്കിയിലും സിറിയയിലും ഭൂകമ്ബം നടന്ന് എട്ട് ദിവസം പിന്നിട്ടതോടെ പ്രതീക്ഷകള്‍ അസ്തമിക്കുന്നു.
തകര്‍ന്ന കെട്ടിടങ്ങളിലും വീടുകളിലും കുടുങ്ങിപ്പോയവരെ ഇനിയും ജീവനോടെ രക്ഷിക്കുക അസാധ്യമെന്ന് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിച്ചിട്ടില്ലെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുര്‍ക്കിയില്‍ എണ്ണായിരം പേരുടെ ജീവന്‍ രക്ഷിക്കാനായതായി പ്രസിഡന്റ് റജെപ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു.രക്ഷപ്പെട്ടവര്‍ക്ക് താമസവും മരുന്നും ഭക്ഷണവും ഉറപ്പാക്കുക എന്നതാണ് തുര്‍ക്കിയിലെയും സിറിയയിലെയും സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വെല്ലുവിളി.

ഒമ്ബത് ലക്ഷം പേര്‍ക്ക് ഭക്ഷണം ആവശ്യമാണ്. ദുരന്തത്തില്‍ തുര്‍ക്കിയില്‍ 32,000 പേരും സിറിയയില്‍ 6000 പേരും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇപ്പോള്‍ സ്ഥിരീകരിച്ചതിന്റെ ഇരട്ടിയോളം വരും യഥാര്‍ഥ കണക്കെന്നാണ് യുഎന്‍ വിശദീകരണം. അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം എത്തിക്കാനായി സിറിയ അതിര്‍ത്തി മൂന്ന് മാസത്തേക്ക് തുറന്നു.













