കായംകുളത്ത് വിവാഹശേഷം വധുവരന്മാര്‍ വീട്ടിലേക്കെത്തിയത് ആംബുലന്‍സില്‍. സാമൂഹികമാധ്യമത്തില്‍ വീഡിയോ വൈറലായതോടെ വാഹനം മോട്ടോര്‍വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ചയായിരുന്നു സംഭവം. ആംബുലന്‍സ് ഡ്രൈവര്‍കൂടിയായ വരനും വധുവും വിവാഹംനടന്ന കറ്റാനം ഭാഗത്തുനിന്ന് വരന്റെ വീട്ടിലേക്ക് പാട്ടും സൈറണും മുഴക്കിയാണ് പോയത്. വാഹനം അലങ്കരിച്ചിരുന്നു. ഇതിന്റെ വീഡിയോയെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അത്യാഹിതങ്ങള്‍ക്കുപയോഗിക്കുന്ന ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനാണ് വണ്ടി കസ്റ്റഡിയിലെടുത്തത്.

ദമ്ബതിമാരുടെ വീഡിയോ വൈറലായതോടെ ആംബുലന്‍സ് ഡ്രൈവേഴ്‌സ് യൂണിയന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനൊപ്പം മോട്ടോര്‍വാഹനവകുപ്പ് കമ്മിഷണറും നടപടിയെടുക്കാന്‍ ആര്‍.ടി.ഒ.ക്ക് നിര്‍ദേശംനല്‍കിയിരുന്നു. വാഹനമോടിച്ച ഡ്രൈവര്‍ക്കും ഉടമയ്ക്കും നോട്ടീസ് നല്‍കുമെന്ന് ആലപ്പുഴ ആര്‍.ടി.ഒ. സജി പ്രസാദ് പറഞ്ഞു. വാഹനത്തിന്റെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.













