ബെംഗലൂരൂ: കര്‍ണാടക രാഷ്ട്രീയത്തിലെ നാടകങ്ങള്‍ തുടരുന്നതിനിടയില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡ രംഗത്തെത്തി. ജെഡിഎസ് എംഎല്‍എ ഗൗരിശങ്കര്‍ക്ക് മന്ത്രി കസേരയും 60കോടി രൂപയും ബി ജെ പി വാഗ്ദാനം ചെയ്തുവെന്ന് ഗൗഡ ആരോപിച്ചു. കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ഗൗഡ വ്യക്തമാക്കി. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറാണ് കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിന് നേതൃത്വം നല്‍കിയതെന്നും ഹസാനയില്‍ നടന്ന പത്ര സമ്മേളനത്തിനിടെ ശിവലിംഗ ഗൗഡയുടെ ആരോപിച്ചു.
കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്ക് ഇത്തരത്തില്‍ നേരത്തെയും വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ കാന്തെയും അഭിപ്രായപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ബിജെപി മുതിര്‍ന്ന് നേതാവ് സി ടി രവിയുടെ പ്രതികരിച്ചത്. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ അവര്‍ തന്നെയാണ് കുതിരക്കച്ചവടം നടത്തുന്നതെന്നാണ് രവിയുടെ തിരിച്ചടി.

അതേസമയം ഓപ്പറേഷന് കമലയിലൂടെ അധികാരത്തിലേറാമെന്ന ബിജെപിയുടെ നീക്കം ഏറക്കുറെ അവസാനിച്ചിട്ടുണ്ട്. രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ബിജെപിക്ക് ഇതിനിടെ ഉറപ്പിക്കാനായത്. കൂടുതല്‍ പേരെ മറുകണ്ടം ചാടിക്കുമെന്നും സഖ്യസര്‍ക്കാരിനെ താഴെ ഇറക്കുമെന്നുമുള്ള വാദങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയത്.
എന്നാല്‍ സര്‍ക്കാരിന് ഭീഷണിയാകുന്ന സംഖ്യയിലേക്ക് ബിജെപിക്ക് എത്താനാകില്ലെന്ന് ഉറപ്പിക്കുകയാണ് കോണ്‍ഗ്രസും ജെഡിഎസും. ഇന്ന് വൈകിട്ട് മൂന്നരക്ക് വിധാന്‍ സൗധയില്‍ കോണ്‍ഗ്രസ് നിര്‍ണായക നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. പങ്കെടുക്കാത്തവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കുമെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്.












