50 കോടി വാരി ഉണ്ണി മുകുന്ദന്‍റെ മാളികപ്പുറം;ബജറ്റ് മൂന്നര കോടി


ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം അഞ്ചാം വാരത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
മലയാളത്തിനു പുറമേ അന്യഭാഷകളിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോള്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മൂന്നര കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്.


ഇതോടെ ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം പിറന്നിരിക്കുകയാണ്. തിയറ്റര്‍ കളക്ഷന്‍ കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റ‌്‌ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.


കേരളത്തിനു പുറത്ത് ബെംഗളൂര്‍, മുംബൈ, ഡല്‍ഹി എന്നിവടങ്ങളിലും ഹൗസ്ഫുള്‍ ഷോയാണ് നടക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ഈ മാസം 26 ന് റിലീസ് ചെയ്യും. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ കമ്ബനിയായ ഗീതാ ആര്‍ട്സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്.

ഡിസംബര്‍ 30 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.



Sharing is Caring