2034 ലോകകപ്പ് സൗദിയില്‍


ഖത്തറിന്റെ മണ്ണില്‍ ഐതിഹാസികമായി ആ പന്തുരുണ്ടതിന്റെ നിറപ്പകിട്ടാര്‍ന്ന ഓര്‍മകള്‍ക്ക് അന്ന് 12 വയസ്സാകും. കാലം കറങ്ങിത്തെളിഞ്ഞ് കലണ്ടറില്‍ 2034 എന്ന് തെളിയുമ്ബോള്‍ ഗള്‍ഫിന്റെ മണലാരണ്യത്തില്‍ ഒരിക്കല്‍കൂടി പോരിശയാര്‍ന്ന പോരാട്ടങ്ങളിലേക്ക് പന്തൊഴുകിപ്പരക്കും.


ഒരു വ്യാഴവട്ടത്തിനുശേഷം സൗദി അറേബ്യയെന്ന വിഖ്യാതമായ മണ്ണിലെ പച്ചപ്പുല്‍മേടുകളില്‍ ലോകകപ്പിന്റെ വീറുറ്റ പോരാട്ടങ്ങള്‍ക്ക് അരങ്ങൊരുങ്ങുമ്ബോള്‍ അറബിനാട്ടിന് അലങ്കാരത്തിന്റെ മറ്റൊരു തങ്കപ്പതക്കം കൂടിയാകും.


വിശ്വമേള അറേബ്യയിലെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ആതിഥ്യത്തിനായുള്ള പോരില്‍ തങ്ങളും രംഗത്തുണ്ടെന്നു പറഞ്ഞ ആസ്ട്രേലിയ അവസാന നാഴികയില്‍ പിന്മാറി. ലോകം സൗദിയുടെ ഇച്ഛാശക്തിക്കും പ്രതിബദ്ധതക്കുമൊപ്പംനിന്നു. ഒടുവില്‍, അപേക്ഷ കൊടുക്കേണ്ട അവസാന ദിനവും പിന്നിട്ടപ്പോള്‍ അഭിമാനപോരാട്ടങ്ങള്‍ക്ക് നിലമൊരുക്കാൻ സൗദി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 2034 ഫിഫ ലോകകപ്പിന്റെ ആതിഥേയരായി സൗദി അറേബ്യ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. 2034 ലോകകപ്പ് സൗദിയില്‍ നടക്കുമെന്ന് ആഗോള ഫുട്ബാള്‍ സംഘടനയായ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ഫിഫ ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.



Sharing is Caring