2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പില്‍ ശ്രദ്ധേയ പ്രകടനം തുടര്‍ന്ന് ഹോണ്ട റേസിംഗ് ഇന്ത്യ ടീം

കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ച 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ അദ്യ റൗണ്ടിലെ എന്‍എസ്എഫ്250ആര്‍ വിഭാഗം രണ്ടാം റേസിലും മികവുറ്റ പ്രകടനം തുടര്‍ന്ന് ഹോണ്ട റേസിംഗ് ഇന്ത്യ ടീമിലെ യുവ റൈഡര്‍മാര്‍.

എന്‍എസ്എഫ് 250ആര്‍ ഓപ്പണ്‍ ക്ലാസ് റേസില്‍ 20കാരനായ ശ്യാം ശുന്ദര്‍ ട്രാക്കിലുടനീളം ആധിപത്യം പുലര്‍ത്തി ഒന്നാം സ്ഥാനം നേടി. മൊഹ്സിന്‍ പി രണ്ടാം സ്ഥാനവും, രക്ഷിത് എസ് ദവെ മൂന്നാം സ്ഥാനവും നേടി. 5:46.716 എന്ന മൊത്തം ലാപ് സമയത്തിലാണ് ശ്യാം ശുന്ദര്‍ എതിരാളികളെ പിന്നിലാക്കി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.

രണ്ടാം സ്ഥാനത്തിനായി അതിഗംഭീര പ്രകടനമായിരുന്നു 22കാരനായ മലപ്പുറം സ്വദേശി മൊഹ്സിന്‍ പി, ചെന്നൈയില്‍ നിന്നുള്ള 16കാരന്‍ രക്ഷിത് എസ് ദവെ എന്നിവരുടേത്. ഒരിക്കല്‍കൂടി ട്രാക്കില്‍ അസാധാരണമായ വേഗതയും തന്ത്രപരമായ വൈദഗ്ധ്യവും പ്രകടിപ്പിച്ച മൊഹ്സിന്‍ രക്ഷിത്തുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ രണ്ടാം സ്ഥാനം നേടി. 5:47.106 സെക്കന്‍റ് സമയത്തിലായിരുന്നു ഫിനിഷിങ്. രക്ഷിത് എസ് ദവെയ്ക്ക് 0.700 സെക്കന്‍റ് വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. മൂന്നാം സ്ഥാനം നേടിയ താരം 5:47.806 സമയത്തിലാണ് മുഴുവന്‍ ലാപ് പൂര്‍ത്തിയാക്കിയത്.

മൂന്നാം ലാപ്പിലെ കൂട്ടയിടി കാരണം റഹീഷ് ഖത്രി, വിഘ്നേഷ് പോതു, എഎസ് ജെയിംസ് എന്നിവര്‍ക്ക് മത്സരം പൂര്‍ത്തിയാക്കാനായില്ല. 2024 ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പിന്‍റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ജൂലൈയില്‍ മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *