2023 ഫിഫ ക്ലബ് ലോകകപ്പിന് ജിദ്ദയില്‍ ആവേശകരമായ തുടക്കം


ലോകം കാത്തിരുന്ന 2023 ഫിഫ ക്ലബ് ലോകകപ്പിന് ജിദ്ദയില്‍ ആവേശകരമായ തുടക്കം. മഴ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിയിലെ അല്‍ജൗഹറ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന ഉദ്ഘാടന മത്സരം കാണാൻ ആയിരക്കണക്കിന് ഫുട്ബാള്‍ പ്രേമികളാണ് ഒഴുകിയെത്തിയത്.
ഉദ്ഘാടന മത്സരത്തില്‍ സൗദി ക്ലബായ അല്‍ഇത്തിഹാദ് ന്യൂസിലൻഡ് ടീം ഓക്‌ലൻഡ് സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.കാണികളെ തുടക്കം മുതല്‍ ആവേശകൊടുമുടിയേറ്റിയ കളിയുടെ 29-ാം മിനിറ്റില്‍ റൊമാരിനോയിലൂടെയാണ് ഇത്തിഹാദ് ആദ്യ ഗോള്‍ നേടിയത്.


34-ാം മിനിറ്റില്‍ എൻഗോലോ കാന്‍റെയുടെ ശക്തമായ ഷോട്ട് വലയിയായി. അതോടെ ഉണര്‍ന്ന ഒാക്ലൻഡ് സിറ്റി ശക്തമായ പ്രതിരോധം തീര്‍ത്തെങ്കിലും ആദ്യപകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കി നില്‍ക്കേ മുഹന്നദ് അല്‍ശങ്കീതിയുടെ പാസ് ഇത്തിഹാദ് ക്യാപ്റ്റൻ കരിം ബെൻസെമ മൂന്നാം ഗോളാക്കി.ഫിഫ ക്ലബ് ലോകകപ്പിന് ജിദ്ദയില്‍ തുടക്കം കുറിച്ചപ്പോള്‍, കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിനുള്ളിലെയും പുറത്തേയും കാഴ്ചകള്‍.ആദ്യമത്സരത്തില്‍ തന്നെ മടക്കമില്ലാത്ത മൂന്ന് ഗോളുകളിലൂടെ ജയം കൊയ്ത ഇത്തിഹാദ് ടൂര്‍ണമെൻറിെൻറ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. വരുന്ന വെള്ളിയാഴ്ച രാത്രി ഒമ്ബതിന് ആഫ്രിക്കൻ ചാമ്ബ്യന്മാരായ ഈജിപ്തിന്‍റെ അല്‍അഹ്ലിയെ നേരിടും.


ആദ്യമത്സരത്തില്‍ തന്നെ അടി പതറിയ ഓക്‌ലൻഡ് സിറ്റി 20ാമത് ലോകകപ്പില്‍നിന്ന് പുറത്തായി.ഈ മത്സരത്തിലെ ഗോളോടെ ഫിഫ ക്ലബ് ലോകകപ്പിലെ എക്കാലത്തെയും മികച്ച മൂന്നാമത്തെ സ്കോററായി കരീം ബെൻസെമ മാറി. നാല് ക്ലബ്ബ് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനുമായി.കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം വര്‍ണോജ്ജ്വലമായ ഉദ്ഘാടന ചടങ്ങിനാണ് വേദിയായത്. ഫിഫ അധികൃതരും വിവിധ ഫുട്ബാള്‍ ഫെഡറേഷനുകളിലെ പ്രമുഖരും ആയിരക്കണക്കിന് കളിപ്രേമികളുമായി ഉദ്ഘാടന ചടങ്ങില്‍ വൻജനസഞ്ചയമാണ് പങ്കെടുത്തത്.

സ്വീഡിഷ് ബാൻഡായ സ്വീഡിഷ് ഹൗസ് മാഫിയയും അമേരിക്കൻ റാപ്പര്‍ ബുസ്റ്റ റൈംസും ചേര്‍ന്ന് അവതരിപ്പിച്ച സംഗീതക്കച്ചേരി, കാണികളുടെ ആവേശത്തെ ആളിക്കത്തിക്കുന്നതാക്കി. വിവിധ നൃത്തപ്രകടനങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറി. സൗദി കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിൻ തുര്‍ക്കി ബിൻ ഫൈസല്‍, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാൻറിനി, സൗദി ഫുട്ബള്‍ ഫെഡറേഷൻ പ്രസിഡന്‍റ് യാസര്‍ ബിൻ ഹസൻ അല്‍മസ്ഹല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



Sharing is Caring