2019-തിലെ ബി ജെ പിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് ഈ സൂര്യശോഭയാര്‍ന്ന വിജയം; ശോഭ സുരേന്ദ്രന്‍


തിരുവനന്തപുരം: 2019-തിലെ ബിജെപിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് കര്‍ണാടക നിയമാസഭാ തെരഞ്ഞെടുപ്പിലെ സൂര്യശോഭയാര്‍ന്ന ഈ വിജയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കോണ്‍ഗ്രസിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന് ജനങ്ങള്‍ നല്‍കിയ ഏറ്റവും ശക്തമായ മറുപടി എന്ന നിലയില്‍ ആവും ഒരുപക്ഷേ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ചരിത്രപുസ്തകങ്ങളില്‍ എഴുതപ്പെടുകയെന്നും ശോഭ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


ലിംഗായത്ത് മേഖലകളില്‍ ഒന്നും തന്നെ കോണ്‍ഗ്രസ് നിലം തൊടാതെ ഇരുന്നത് ഭിന്നിപ്പിച്ചു ഭരിക്കല്‍ എന്ന ബ്രിട്ടീഷ് തന്ത്രത്തെ പുണരുന്ന എല്ലാ കുതന്ത്രജ്ഞര്‍ക്കും ഉള്ള താക്കീത് കൂടി ആണ്. ഭരണവിരുദ്ധ വികാരം തിരിച്ചറിയാതെ പോയി എന്നതിനേക്കാള്‍ ബി ജെ പിയില്‍ ജനങ്ങള്‍ക്ക് വന്ന പൂര്‍ണ്ണ വിശ്വാസത്തെ കാണാതെ പോയി എന്നുള്ളത് തന്നെ ആണ് കോണ്‍ഗ്രസ്ന്റെ വന്‍ തകര്‍ച്ചക്ക് കാരണം. സ്വയം സൃഷ്ടിച്ച കുറെ നുണകഥകള്‍ തന്നെ ആണ് നിങ്ങളുടെ കണ്ണു കെട്ടിയത്. ഊതി വീര്‍പ്പിച്ച കള്ളകഥകള്‍ക്കൊന്നും അധികം ആയുസ്സില്ലെന്നത് വീണ്ടും തെളിയുന്നതെന്നും ശോഭ പറഞ്ഞു.


2019തിലെ ബി ജെ പിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് ഈ സൂര്യശോഭയാര്‍ന്ന വിജയം. ദക്ഷിണേന്ത്യന്‍ മണ്ണിലുണ്ടായയീ താമരചന്തം ചെങ്ങന്നൂരിന്റെ മണ്ണിലും പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



Sharing is Caring