2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ്; 12 പേരെ വെറുതെവിട്ട മുംബൈ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു


ന്യൂഡല്‍ഹി : 2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പേരെ വെറുതെവിട്ട മുംബൈ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. 7/11 കേസിലെ പ്രതികള്‍ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ സ്റ്റേ. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതിയുടെ വിധി വരുന്നത്.


ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിര്‍ദേശം മഹാരാഷ്ട്ര സര്‍ക്കാരാണ് മുന്നോട്ട് വച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഇക്കാര്യം കോടതിയില്‍ പറഞ്ഞു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 12 പേരെ വെറുതെവിട്ടത്.


189 പേര്‍ കൊല്ലപ്പെടുകയും 800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരെയും ജൂലൈ 21 നു മുംബൈ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. 2015 ലാണ് വിചാരണ കോടതി 12 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തിയത്. അഞ്ച് പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.



Sharing is Caring