2005ലെ ഡല്‍ഹി സ്‌ഫോടന പരമ്പര: മുഖ്യആസൂത്രകന് 10 വര്‍ഷം തടവുശിക്ഷ


ന്യൂഡല്‍ഹി: 2005ല്‍ നടന്ന ഡല്‍ഹി സ്‌ഫോടന പരമ്പരയിലെ പ്രധാനപ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. സ്‌ഫോടനത്തിലെ മുഖ്യആസൂത്രകനായ താരിഖ് അഹമ്മദ് ദറിനാണ് ഡല്‍ഹി പാട്യാല ഹൗസ് കോടതി തടവു ശിക്ഷ വിധിച്ചത്. യുഎപിഎ നിയമം അനുസരിച്ചാണ് ശിക്ഷ.


മറ്റു രണ്ടു പ്രതികളെ കോടതി വെറുതെവിട്ടു. മുഹമ്മദ് ഹുസൈന്‍ ഫാസിലി, മുഹമ്മദ് റഫീഖ് ഷാ എന്നിവരെയാണ് വെറുതേ വിട്ടത്. കഴിഞ്ഞ 12 വര്‍ഷമായി താരിഖ് അഹമ്മദ് ദര്‍ ജയിലിലായിരുന്നതിനാല്‍ മറ്റു പ്രതികള്‍ക്കൊപ്പം ഇയാള്‍ക്കും പുറത്തിറങ്ങാനാകും.


2005 ഒക്ടോബര്‍ 29 നാണ് ദീപാവലിക്കു മൂന്നു ദിവസം മുന്‍പ് ഡല്‍ഹിയെ നടുക്കിയ സ്‌ഫോടന പരമ്പര അരങ്ങേറിയത്. സരോജിനി നഗര്‍, പഹര്‍ഗഞ്ച് കല്‍കാജി എന്നീ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 63 പേര്‍ കൊല്ലപ്പെടുകയും 100ല്‍ അധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.



Sharing is Caring