ന്യൂഡല്‍ഹി: റെയില്‍വേയിലെ 13 ലക്ഷം ജീവനക്കാരില്‍ ജോലിമേടിച്ചിട്ട് പണി ചെയ്യാതെ കറങ്ങിനടക്കുന്ന 13,000 പേരുടെ കാര്യം കട്ടപ്പൊകയാകും. ഹാജര്‍ നില കണക്കാക്കി പതിവായി വരാതിരിക്കുന്നവരെ പുറത്താക്കാന്‍ റെയില്‍വേ തീരുമാനിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവരെ പുറത്താക്കാന്‍ അവധിക്കാരുടെ പട്ടിക തയ്യാറാക്കുകയാണ് റെയില്‍വേ.
ജോലി ചെയ്യാന്‍ മനപ്പൂര്‍വ്വം എത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് നിയമനത്തിന് അവസരം നല്‍കാതെയും റെയില്‍വേയുടെയും ട്രെയിന്‍ഗതാഗതത്തിന്റെയും താളം തന്നെ തെറ്റിക്കുന്നു എന്നാരോപിച്ചാണ് നടപടി. നല്‍കുന്ന ശമ്ബളത്തിന് ജോലി ചെയ്യുകയും സ്ഥാനപത്തിന്റെ വളര്‍ച്ചയോട് കൂറും പ്രതിബദ്ധതയും ജീവനക്കാര്‍ക്ക് വേണമെന്നും അല്ലാത്തവര്‍ പുറത്ത് നില്‍ക്കട്ടെയെന്നുമാണ് നിലപാട്.

റെയില്‍വേജീവനക്കാരുമായി ബന്ധപ്പെട്ട പരിശോധനയില്‍ 13 ലക്ഷം ജീവനക്കാരില്‍ 13,000 പേര്‍ ദീര്‍ഘകാല അവധിയിലാണെന്നും പല തസ്തികകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നതും ജീവനക്കാര്‍ അവധിയിലായതിനാല്‍ നിയമനം നടത്താന്‍ കഴിയുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇത് മൂലം ട്രെയിന്‍ സര്‍വീസുകള്‍ പോലും താളം തെറ്റുകയാണെന്നുമായിരുന്നു കണ്ടെത്തിയത്്. ഇക്കാര്യത്തില്‍ റെയില്‍വേ പ്രത്യേക പ്രസ്താവന തന്നെ ഇറക്കിയിരിക്കുകയാണ്. ജോലി ചെയ്യാന്‍ എത്താത്തവരുടെ പട്ടിക തയ്യാറാക്കാന്‍ ഓഫീസര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്.













