നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ വമ്പൻ പ്രഖ്യാപനങ്ങളുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഓഗസ്റ്റ് ഒന്നുമുതൽ സംസ്ഥാനത്തെ മുഴുവൻ ഗാർഹിക ഉപയോക്താക്കൾക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനം. എക്സിലൂടെയാണ് നിതീഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. തുടക്കം മുതൽ തങ്ങൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുകയാണ്.
സർക്കാരിന്റെ തീരുമാനം ബിഹാറിലെ 1.67 കോടി കുടുംബങ്ങൾക്ക് ഗുണകരമാകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.”തുടക്കം മുതൽ ഞങ്ങൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നു. 2025 ഓഗസ്റ്റ് 1 മുതൽ സംസ്ഥാനത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കളും 125 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് പണം നൽകേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു,” അദ്ദേഹം എക്‌സിൽ കുറിച്ചു.

ഗാർഹിക ഉപഭോക്താക്കളുടെ സമ്മതത്തോടെ വീടുകളുടെ മുകളിലോ അടുത്തുള്ള പൊതു സ്ഥലങ്ങളിലോ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കുതിർ ജ്യോതി’ പദ്ധതി പ്രകാരം വളരെ ദരിദ്രരായ കുടുംബങ്ങൾക്ക് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും പ്രഖ്യാപനമുണ്ട്.
ഈ വർഷം ഒക്ടോബറിലോ നവംബറിലോ ആവും ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.













