പെരിയ ഇരട്ടക്കൊലപാതക കേസിൽ പരോളിനായി പ്രതികൾ അപേക്ഷ നൽകി. എട്ടാം പ്രതി എ സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അപേക്ഷ നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ട് ഒന്നരമാസം തികയും മുൻപാണ് പ്രതികളുടെ നീക്കം.
നീക്കത്തിന് പിന്നിൽ ഉന്നത സിപിഐഎം നേതാക്കളുടെ ഇടപെടലെന്ന് ആരോപണം. ജയിലധികൃതർ പോലീസിന്റെ റിപ്പോർട്ട് തേടും.ജനുവരി മൂന്നിനാണ് പ്രതികൾക്ക് സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ജനുവരി 20,21 തീയതികളിലാണ് പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ പരോളിനായി അപേക്ഷ സമർപ്പിച്ചത്. പരോളുമായി ബന്ധപ്പെട്ട് പൊലീസ് അനുകൂല റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് വിവരം. കേസിൽ ഒന്നു മുതൽ 8 വരെ പ്രതികൾക്കും 10, 15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.













