ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്


ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷ നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ ഏകപക്ഷീയ നിയമന പ്രക്രിയയുമായി കേന്ദ്രസര്‍ക്കാര്‍. നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി.


അടിസ്ഥാനപരമായി തെറ്റായ നടപടികളിലൂടെയാണ് നിയമനത്തിന് കേന്ദ്രം തയ്യാറായതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചു. തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പരിഗണിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായാണ് നിയമനം നടത്തിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ആരോപിച്ചു.


നിയമനനടപടി ക്രമത്തിലെ നിഷ്പക്ഷതയിലും സത്യസന്ധതയും ചോദ്യം ചെയ്താണ് പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ സെലക്ഷന്‍ പാനല്‍ യോഗത്തില്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമം ”അടിസ്ഥാനപരമായി പിഴവുള്ളതാണ്” എന്ന് ഇരുവരും ആരോപിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് രോഹിന്റന്‍ ഫാലി നരിമാന്‍, മലയാളിയായ ജസ്റ്റിസ് കുറ്റിയില്‍ മാത്യൂ ജോസഫ് എന്നിവരുടെ പേരാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്.

എന്നാല്‍ ഇരുവരേയും പരിഗണിക്കാതെ ഏകപക്ഷീയമായി സുപ്രീം കോടതി മുന്‍ ജഡ്ജി വി രാമസുബ്രഹ്‌മണ്യത്തെ തിരഞ്ഞെടുത്തുവെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം.



Sharing is Caring