പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ VHP നടപടിയില്‍ ബിജെപി നേതൃത്വത്തിന് പങ്ക്:സന്ദീപ് വാര്യര്‍


പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.


ബിജെപിയുടെ സജീവ പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സന്ദീപ് പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ട അനില്‍ കുമാറും സുശാസനനും എന്നും അദ്ദേഹം ആരോപിച്ചു.


വെള്ളിയാഴ്ച ഈ അതിക്രമം നടന്നതിന് ശേഷം ബിജെപിയുടെ സംസ്ഥാന നേതൃത്വം തന്നെ കേസട്ടിമറിക്കാന്‍ വേണ്ടി പൊലീസുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. യുവമോര്‍ച്ചയുടെ ജില്ലാ നേതാക്കള്‍ മുഖേന ചിറ്റൂരിലെ പൊലീസുമായി ബന്ധപ്പെട്ട് ഇതിനുള്ള ഇടപെടല്‍ നടത്തി.

ഒരു വശത്ത് വല്ലാത്ത ക്രൈസ്തവ സ്‌നേഹം അഭിനയിച്ചുകൊണ്ട് ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കുമായി കടന്നു പോവുകയും മറുവശത്ത് അവരെ ആക്രമിക്കാനും അവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാനും ശ്രമിക്കുന്നത്.

ഒരു സ്‌കൂളില്‍ കുട്ടികള്‍ വളരെ നിഷ്‌കളങ്കതയോടെ നടത്തിയ കാരളിനെ പോലും അക്രമിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹൃദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇരകളോടൊപ്പം ഓടുകയും അതോടൊപ്പം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തില്‍ ബിജെപിക്കുള്ളത് – സന്ദീപ് പറഞ്ഞു.



Sharing is Caring