വിവിഎസ് ലക്ഷ്മണ്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വൈറ്റ് ബോള്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ മുഖ്യ പരിശീലകന്‍


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള വൈറ്റ് ബോള്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ മുഖ്യ പരിശീലകനാകും. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം, നവംബറില്‍ നാല് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇന്ത്യ പ്രോട്ടീസുമായി ഏറ്റുമുട്ടും. യഥാക്രമം നവംബര്‍ 8, 10, 13, 15 തിയതികളിലാണ് മത്സരം.നവംബര്‍ 22 മുതല്‍ പെര്‍ത്തില്‍ 2024-25 ലെ വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര ആരംഭിക്കുന്നതിനാലാണ് ഗൗതം ഗംഭീറിനു പകരം ലക്ഷ്മണിനെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുന്നത്. ലക്ഷ്മണിനെക്കുറിച്ചുള്ള വാര്‍ത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ ക്രിക്ബസ് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.


കൂടാതെ, ബെംഗളൂരുവിലെ എന്‍സിഎയിലെ കോച്ചിംഗ്, സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാഗമായ സായിരാജ് ബഹുതുലെ, ഹൃഷികേശ് കനിത്കര്‍, ശുഭദീപ് ഘോഷ് എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കായി ലക്ഷ്മണിന്റെ കീഴില്‍ കോച്ചിംഗ് സംഘത്തിന്റെ ഭാഗമാകും.


ആദ്യം, ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്കും ഓസ്ട്രേലിയന്‍ പര്യടനത്തിനും ഇടയില്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള പര്യടനം ഷെഡ്യൂള്‍ ചെയ്യേതിരുന്നില്ല. എന്നാല്‍, പിന്നീട് ബിസിസിഐയും സിഎസ്എയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇത് പുനഃക്രമീകരിക്കുകയായിരുന്നു.



Sharing is Caring