ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 10,000 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്


ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 10,000 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ 152 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ 1,400 പേരും കൊല്ലപ്പെട്ടെന്നാണ് വിവരം.നടന്നുകൊണ്ടിരിക്കുന്നത് പലസ്തീന്‍ ജനതയുടെ വംശഹത്യയാണെന്നും അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.


ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ഷിഫ ആശുപത്രിയിലെ സോളാര്‍ പാനലുകള്‍ തകര്‍ത്തു.അല്‍ഷിഫ ആശുപത്രി സംരക്ഷിക്കപ്പെടണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു. നവജാത ശിശുക്കളും പരിക്കേറ്റവരും, കിഡ്‌നി ഡയാലിസിസ് രോഗികളും അടക്കം ആയിരക്കണക്കിന് ആളുകള്‍ കഴിയുന്നതിനാല്‍ ആശുപത്രി ഒഴിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശം ചുവപ്പ് വര മറികടന്നിരിക്കുന്നു.


അല്‍ഷിഫ മെഡിക്കല്‍ കോംപ്ലക്‌സ് സംരക്ഷിക്കേണ്ടത് യുഎന്‍, ഡബ്ല്യുഎച്ച്ഒ, റെഡ് ക്രോസ് തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും ഉത്തരവാദിത്തമാണെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആശുപത്രി പ്രവര്‍ത്തനം നിലച്ചാല്‍ രോഗികള്‍ക്കും പരിക്കേറ്റവര്‍ക്കും ചികിത്സ ലഭിക്കില്ല, ഇതൊരു മുന്നറിയിപ്പാണ്. ലോകം മുഴുവന്‍ ചേര്‍ന്ന് ആശുപത്രിയെ സംരക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.



Sharing is Caring