ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ 1,000 പേര്‍ കൊല്ലപ്പെട്ടു. പലസ്തീൻ പ്രദേശമായ ഗാസ മുനന്പ് നിയന്ത്രിക്കുന്ന ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 600-ലധികം പേരാണ് കൊല്ലപ്പെട്ടത്.ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു.
ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 370 പേര്‍ കൊല്ലപ്പെട്ടു. 1700ഓളം പേര്‍ക്ക് പരിക്കേറ്റതായി ഗാസ അധികൃതര്‍ അറിയിച്ചു.

അതേസമയം ഇസ്രയേല്‍ ഭാഗത്ത് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡസൻ കണക്കിന് ഇസ്രയേലികളെ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ റോക്കറ്റാക്രമണത്തിനു പിന്നാലെ ഹമാസ് പോരാളികള്‍ ഇസ്രയേലിലേക്കു നുഴഞ്ഞുകയറുകയായിരുന്നു.5000 റോക്കറ്റുകള്‍ പ്രയോഗിച്ചുവെന്നാണ് ഹമാസ് പറഞ്ഞത്. എന്നാല്‍,റോക്കറ്റുകളുടെ എണ്ണം 2,500ന് അടുത്താണെന്നാണ് ഇസ്രേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹമാസ് പോരാളികള്‍ ഗാസയെ വേര്‍തിരിക്കുന്ന ഇരുന്പുവേലി തകര്‍ത്താണ് തെക്കൻ ഇസ്രയേലില്‍ പ്രവേശിച്ചത്.
ഇസ്രേലി സേനയും പലസ്തീൻ തീവ്രവാദികളും ഏറ്റുമുട്ടല്‍ തുടരുകയാണ്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനുള്ള ഇസ്രയേലിന്‍റെ ശ്രമം തുടരുകയാണ്.













